മൂന്നാര്‍: മൂന്നാർ ശൈത്യകാല സീസണിലെ തണുപ്പ് മൈനസ് ഡിഗ്രിയിലെത്തി. സാധാരണ ശൈത്യകാലത്തിന്റെ തുടക്കത്തില്‍ ഡിസംബര്‍ ആദ്യവാരംതന്നെ മൈനസ് ഡിഗ്രിയിലെത്തുന്ന തണുപ്പ് ഇത്തവണ എത്താന്‍ വൈകിയെങ്കിലും മുടങ്ങിയില്ല.
ഇന്നലെ പുലർച്ചെ മൂന്നാറില്‍ തണുപ്പ് മൈനസ് ഒരു ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. കന്നിമല, സൈലന്റ് വാലി , ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി, ലോക്കാട് എന്നിവിടങ്ങളിലാണ് തണുപ്പ് മൈനസിലെത്തിയത്.
സെവന്‍മല, ദേവികുളം എന്നിവിടങ്ങളില്‍ താപനില പൂജ്യത്തിലേക്ക് താഴ്ന്നു. അതിരാവിലെ മഞ്ഞുമൂടിയ നിലയില്‍ കാണപ്പെടുന്ന പുല്‍മേടുകള്‍ സന്ദര്‍ശിക്കുവാന്‍ നിരവധി സഞ്ചാരികളാണ് എത്തുന്നത്.
കേരള- തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ വട്ടവടയിലും കനത്ത തണുപ്പാണ് ഇത്തവണ രേഖപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ വട്ടവടയിലെ തണുപ്പ് ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യത്തിലെത്തി. ഇത്തവണത്തെ ശൈത്യകാല സീസണില്‍ മൂന്നാറില്‍ ആദ്യമായാണ് ഇത്രയും കനത്ത തണുപ്പ് അനുഭവപ്പെടുന്നത്.