തൊടുപുഴ: ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്നു. ദേവികുളം താലൂക്കിലാണ് മഴ ശക്തമായി പെയ്യുന്നത്. മൂന്നാറിന്റെ പല മേഖലകളും വെള്ളത്തിനടിയിലാണ്. ഇന്നലെ രാവിലെ ഏഴുവരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ 119.38 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. തൊടുപുഴ-78.7, പീരുമേട്- 176, ഇടുക്കി – 85.40, ഉടുന്പൻഞ്ചോല- 62 , ദേവികുളം- 194.8 മില്ലീമീറ്റർ എന്നിങ്ങനെയാണ് ജില്ലയിലെ താലൂക്കുകളിലെ മഴയുടെ തോത്.
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2321.26 അടിയായി ഉയർന്നു. പരമാവധി സംഭരണ ശേഷിയുടെ 23.73 ശതമാണിത്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 116 അടിയായി ഉയർന്നു. ഇടുക്കിയിൽ ഇന്ന് റെഡ് അലർട്ടും നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നീരൊഴുക്കു വർധിച്ചതിനെ തുടർന്ന് മൂന്നു ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്കൊഴുക്കി.
കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ രണ്ട് ഷട്ടറുകൾ രാവിലെ എട്ട് മണിയോടെ 30 സെന്റീമീറ്റർ ഉയർത്തി. മലങ്കര ഡാമിന്റെ മൂന്നു ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തി. ചെറുതോണി -മൂന്നാർ റൂട്ടിൽ കീരിത്തോട്ടിൽ ഉരുൾപൊട്ടി റോഡ് ഗതാഗതം തടസപ്പെട്ടു. രാജാക്കാട്, വെള്ളത്തൂവൽ റോഡിൽ മണ്ണിടിഞ്ഞു ഗതാഗതം നിലച്ചു. ദേശിയ പാതയിൽ വെള്ളം കയറിയതോടെ വണ്ടിപ്പെരിയാർ കക്കിക്കവലയിൽ ഗതാഗതം തടസപ്പെട്ടു. ബസ് സർവീസ് ഉൾപ്പെടെ നിലച്ചു.
അഴുതയാർ കവിഞ്ഞൊഴുകിയതോടെ തീരത്തുള്ള പത്ത് വീടുകളിൽ വെള്ളം കയറി. ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം തുടരുകയാണ്. ദേശീയ പാതയിൽ 55-ാം മൈലിൽ റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വണ്ടിപ്പെരിയാർ കക്കി കവലയിൽ വെള്ളം റോഡിലൂടെ ഒഴുകുന്നതിനാൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
കനത്ത മഴയെതുടർന്ന് മൂന്നാർ ഒറ്റപ്പെട്ടു. പലയിടങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയുയർന്നതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അനിയന്ത്രിതമാം വിധം മുതിരപ്പുഴയിൽ വെള്ളമുയർന്നതിനെ തുടർന്ന് നിരവധി വീടുകളും കടകളും വെള്ളത്തിനടിയിലായി . പഴയ മൂന്നാറിലെ അന്പതോളം വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി.
ഇക്കാ നഗർ, നടയാർ റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തകർന്ന പെരിയവരയിൽ താൽക്കാലികമായി നിർമ്മിച്ചിരുന്ന പാലം ശക്തമായ ഒഴുക്കിൽ തകർന്നതോടെ മൂന്നാർ – ഉടുമലപ്പേട്ട അന്തർ സംസ്ഥാന പാതയിലെ ഗതാഗതം നിലച്ചു. ഈ പാലം തകർന്നതോടെ ഏഴ് എസ്റ്റേറ്റിലെ തൊഴിലാളികൾ ഒറ്റപ്പെട്ട അവസ്ഥയിലായി.
മണ്ണിടിച്ചിലിനെ തുടർന്ന് കൊച്ചി- ധനുഷ് കോടി ദേശീയപാതയിലെ പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു. പഴയ മൂന്നാറിൽ ദേശീയ പാതയിൽ വെള്ളമുയർന്നതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഇക്കാ നഗറിൽ തോടിനു സമീപം പാർക്കു ചെയ്തിരുന്ന രണ്ടു വാഹനങ്ങൾ ഒഴുക്കിൽ പെട്ടു . മൂന്നാർ – നല്ലതണ്ണി, മൂന്നാർ – നടയാർ റോഡ്, ലോക്കാട് ഗ്യാപ്പ് റോഡ്, മൂന്നാർ ടൗണിനോടു ചേർന്ന് നല്ലതണ്ണി ജംഗ്ഷനിലുള്ള വീടുകൾക്ക് സമീപം എന്നിവിടങ്ങളിലും മണ്ണിടിഞ്ഞു വീണു.