മൂന്നാർ: പുഴയോര കൈയേറ്റങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നു ദേവികുളം സബ് കളക്ടർ ഡോ. രേണുരാജ്. തുടർച്ചയായ രണ്ടാം വർഷവും മൂന്നാറിൽ പ്രളയം നാശം വിതച്ചതോടെയാണ് പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിക്കുന്ന കൈയേറ്റങ്ങൾക്കെതിരെ ഭരണകൂടം കർശന നിയമനടപടികൾ സ്വീകരിക്കുന്നത്.
മുതിരപ്പുഴ കരകവിഞ്ഞതോടെ പഴയമൂന്നാറിൽ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെടുകയും നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്തു. അശാസ്ത്രീയമായ നിർമാണങ്ങളും പുഴ കൈയേറ്റവുമാണു മൂന്നാറിൽ പ്രളയത്തിനു കാരണമാകുന്നതെന്ന് ആക്ഷേപമുള്ളതാണ്. മൂന്നാർ ടൗണിലും പഴയമൂന്നാറിൽ പുഴയുടെ ഒഴുക്കിന് തടസംസൃഷ്ടിക്കുന്ന വിധത്തിലും നടത്തിയിരിക്കുന്ന നിർമാണങ്ങൾ പൊളിച്ചുമാറ്റാനാണ് അധികൃതരുടെ തീരുമാനം.
പുഴയോരത്തെ അനധികൃത കെട്ടിടങ്ങളുടെ പട്ടിക തയാറാക്കാൻ മൂന്നാർ തഹസിൽദാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സബ് കളക്ടർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് കൈമാറും. ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാകും തുടർ നടപടികൾ.