മൂന്നാർ: മൂന്നാറിൽ ആകാശകാഴ്ചയൊരുക്കി ഹെലികോപ്ടർ സർവീസ് ആരംഭിച്ചു. മൂന്നാർ ഡിടിപിസിയും ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ എൻഹാൻസ് ഏവിയേഷനും സംയുക്തമായാണ് ഹെലികോപ്ടർ ടൂറിസം ആരംഭിച്ചത്.
എസ്. രാജേന്ദ്രൻ എംഎൽഎയും ദേവികുളം സബ് കളക്ടർ പ്രേംകൃഷ്ണനും പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്കുമാറും ഉദ്ഘാടന പറക്കലിൽ അംഗങ്ങളായി.
ഇന്നലെ രാവിലെ 9.45-ഓടെ കൊച്ചിയിൽനിന്നും തലശേരി സ്വദേശികളെ വഹിച്ച് ബോബി ചെമ്മണ്ണൂരിന്റെ ഹെലികോപ്ടർ 10.30-ഓടെയാണ് ലോക്കാട് ഗ്രൗണ്ടിൽ പറന്നിറങ്ങിയത്. ദുബായിൽനിന്നും മൂന്നാർ സന്ദർശനത്തിനെത്തിയ കുടുംബത്തിനാണ് ആദ്യ ഫ്ളയിംഗിന് സൗകര്യമൊരുക്കിയത്.
മൂന്നാറിന്റെ ദൃശ്യഭംഗി ആസ്വദിച്ച് തേക്കടിയിലേക്കായിരുന്നു ദേവികുളം സബ് കളക്ടർ പ്രേംകൃഷ്ണൻ, എസ്. രാജേന്ദ്രൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്കുമാർ എന്നിവരുടെ യാത്ര. 36 മിനിറ്റുകൊണ്ട് തേക്കടിയുടെ ആകാശകാഴ്ച ആസ്വദിച്ച് സംഘം മൂന്നാറിലെത്തി.
മൂന്നാറിന്റെ മലനിരകളിലൂടെയുള്ള യാത്ര ടൂറിസം മേഖലയ്ക്ക് മുതൽകൂട്ടാകുമെന്ന് സബ്കളർ പറഞ്ഞു. മൂന്നാറിൽനിന്നും കൊച്ചിയിലേക്ക് ഒരാൾക്ക് 9500 രൂപയാണ് ഈടാക്കുന്നത്. അരമണിക്കൂറുകൊണ്ട് കൊച്ചിയിലെത്തും.
ഒരേസമയം ആറുപേർക്ക് യാത്രചെയ്യാൻ കഴിയും. രാവിലെ 11-ന് ആദ്യ യാത്രക്കാരുമായി മൂന്നാറിലെത്തുന്ന ഹെലികോപ്ടർ വൈകുന്നേരം നാലുവരെ മൂന്നാറിൽ വിനോദസഞ്ചാരികൾക്കായി ലോക്കൽ സർവീസ് നടത്തും.
10 മിനിറ്റ് പറക്കുന്നതിന് 3500 രൂപയാണ് ഈടാക്കുന്നത്. രണ്ടുദിവസം പ്രത്യേക ഡിസ്കൗണ്ടും നൽകിയിട്ടുണ്ട്. സന്ദർശകരുടെ എണ്ണം വർധിക്കുന്നതനുസരിച്ച് നെടുന്പാശേരിയിൽനിന്നും കൂടതൽ സർവീസുകൾ ആരംഭിക്കും. ഏഴിന് ആകാശകാഴ്ചയുടെ ഒൗദ്യോഗിക ഉദ്ഘാടനം നടക്കും. ഇപ്പോൾ ട്രയൽ റണ്ണിന്റെ ഭാഗമായാണ് പറക്കൽ ആരംഭിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.