മുണ്ടക്കയം: കിറ്റ് വിതരണത്തിനു പോയ സിപിഎം ലോക്കൽ സെക്രട്ടറിയെ വടിവാളിനു ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പ്രതികൾക്കു വേണ്ടി മുണ്ടക്കയം പോലീസ് അന്വേഷണം ഉൗർജിതമാക്കി.
കേസിലെ പ്രധാന പ്രതികളായ കോരുത്തോട് കൊന്പുകുത്തി സ്വദേശി പുത്തൻപുരയ്ക്കൽ സലിയൻ (59), മകൻ സതീശ് (39 ) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന എട്ടംഗ സംഘത്തിനു വേണ്ടിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
സിപിഎം ലോക്കൽ സെക്രട്ടറി രാജു, സുഹൃത്തും സിപിഎം പ്രവർത്തകനുമായി കാസിം എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
മടുക്ക – കൊന്പുകുത്തി റോഡിൽ മൈനാക്കുളത്തു ഞായറാഴ്ച വൈകുന്നേരം ആറിനു ആക്രമണമുണ്ടായത്. ചെന്നാപ്പാറ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ടിആർ ആൻഡ് ടി തോട്ടത്തിൽ ധാന്യ കിറ്റ് നൽകി തിരികെ വരുന്നതിനിടെയാണ് സംഘർഷമുണ്ടായത്.
ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും സതീശിന്റെ ഓട്ടോയും തമ്മിൽ വഴികൊടുക്കുന്നതിനിടയിൽ ഉരസിയതായി പറയുന്നു. ഇതേച്ചൊല്ലിയുള്ള വാക്കു തർക്കം സംഘർഷത്തിൽ കലാശിക്കുകകയായിരുന്നു.
ഇതിനിടെ സതീശ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന വടിവാൾ കൊണ്ട് രാജുവിനെ വെട്ടിയെങ്കിലും കൈയിലുണ്ടായിരുന്ന കുട ഉപയോഗിച്ചു തടഞ്ഞു.
ഇതിനിടയിൽ സതീശ് അറിയിച്ചതിനെത്തുടർന്നു പിതാവ് സലിയന്റെ നേതൃത്തിൽ ഓട്ടോറിക്ഷകളിലെത്തിയ എട്ടംഗ സംഘം കൂട്ടത്തോടെ രാജുവിനെയും കാസിമിനെയും ആക്രമിക്കുകയായിന്നു.
മർദനത്തിൽ പരിക്കേറ്റ ഇരുവരും സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി. വിവരം അറിഞ്ഞെത്തിയ മുണ്ടക്കയം പോലീസ് സതീശ്, സലിയൻ എന്നിവരെ കസ്റ്റഡിയിലെടുത്തു.
സതീശിന്റെ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന വടിവാൾ, അര ലിറ്ററോളം വാറ്റുചാരായം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
പിടിയിലായ ഇരുവർക്കുമെതിരേ വധശ്രമത്തിനാണ് കേസ് എടുത്തത്. കൂടാതെ സതീശിനെതിരേ വാറ്റുചാരായം കൈവശം വച്ചതിന് മറ്റൊരു കേസ് കൂടി എടുത്തിട്ടുണ്ട്.
ഇരുവരും മുന്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണന്ന് പോലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.