കോട്ടയം: കിഴക്കൻ ഗ്രാമങ്ങളെ വിഴുങ്ങുന്ന അഗ്നിബാധയ്ക്കു പിന്നിൽ പാറമട. മൂന്നു ദിവസമായി കോട്ടയം ജില്ലയിലെ മൂന്നിലവ്, മങ്കൊന്പ്, കടനാട്, നീലൂർ, കാവുംകണ്ടം, മൈലാടുംപാറ, പുഞ്ചവയൽ പ്രദേശങ്ങളിൽ പടർന്ന തീ വൻ കൃഷിനാശമുണ്ടാക്കി.
കുത്തനെയുള്ള മലഞ്ചെരുവുകളും പാറക്കെട്ടുകളുള്ള പ്രദേശങ്ങളിലുമാണു തീപിടിത്തം. തീപിടിത്തമുണ്ടായ ഏറെ പ്രദേശങ്ങളിലും പാറമടകളുണ്ട്.
പാറമട ലോബി അടുത്ത കാലങ്ങളിൽ സ്ഥലം വാങ്ങിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളിലും തീപിടിത്തം പതിവായിരിക്കുന്നു. പാറമടക്കാർക്കു സ്ഥലം കൊടുക്കാത്തവരുടെയും പാറമടകളോടു ചേർന്നുള്ളതുമായ സ്ഥലങ്ങളാണ് കത്തിനശിച്ചത്.
പാറക്കെട്ടുകളിൽ ഏറെക്കാലത്തെ കഠിനശ്രമത്തിലാണ് മരങ്ങൾ നട്ടുപിടിപ്പിക്കുന്നതും കൃഷി ചെയ്യുന്നതും. റബർ ഉൾപ്പെടെ മരങ്ങൾ പാറക്കെട്ടുകളിൽ നട്ടു വളർത്തി ടാപ്പിംഗ് നടത്തുകയെന്ന സാഹസികമായ അധ്വാനം നടത്തിവന്ന നൂറു കണക്കിനു കുടുംബങ്ങൾക്കാണു വൻ നഷ്ടമുണ്ടായിരിക്കുന്നത്.
കുത്തനെയുള്ള മലഞ്ചെരുവുകൾ ചാന്പലായിരിക്കെ ഇവിടങ്ങളിൽ വരുംഭാവിയിൽ കൃഷി എളുപ്പമല്ലതാനും. കുഴിയെടുത്തു നനച്ചു റബർ വളർത്തിയെടുക്കുക ഏറെ സാഹസികവും ചെലവേറിയതുമാണ്.
സ്ഥലം വിട്ടുകൊടുക്കാൻ തയാറാകാത്ത സാഹചര്യത്തിൽ പാറമടലോബി പ്രലോഭനങ്ങളും ഭീഷണിയുമായി കടന്നുവന്ന സംഭവങ്ങളുണ്ടായി. മുൻപൊരിക്കലും തീ പിടിത്തമുണ്ടാകാത്ത പ്രദേശങ്ങളാണ് ഇവയേറെയും.
ഒരേ സമയം വിവിധ സ്ഥലങ്ങളിൽ തീ പടർന്നു എന്നതും ദുരൂഹത സൃഷ്ടിക്കുന്നു. കൃഷി മാത്രമല്ല നൂറു കണക്കിനു ജീവജാലങ്ങളും ഇവിടങ്ങളിൽ ചത്തൊടുങ്ങി.
കിഴക്കൻ മേഖലയിലെ ഒട്ടേറെ പാറക്കെട്ടുകൾ പാറമട ലോബി വാങ്ങി വേലികെട്ടിത്തിരിച്ചിട്ടിട്ടുണ്ട്. സ്ഥലം വാങ്ങിയശേഷം സമീപത്തെ പുറംപോക്കും ഉപയോഗശൂന്യമായ സ്ഥലങ്ങളും ഇതിനൊപ്പം ലോബി കൂട്ടിച്ചേർക്കുകയാണ് പതിവ്.
എറണാകുളം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽനിന്നുള്ള പാറമട ക്രഷർ സ്ഥാപനങ്ങളാണ് ബേനാമി പേരുകളിൽ സ്ഥലം വാങ്ങുന്നത്.