വൃക്കരോഗം ബാധിച്ച് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഭിനേതാവ് മുന്‍ഷി വേണുവിന് സാമ്പത്തിക സഹായവുമായി നിരവധി സുമനസുകള്‍. വേണുവിന്റെ അവസ്ഥ രാഷ്ട്രദീപികയിലൂടെ പുറത്തുവന്നതിനെത്തുടര്‍ന്ന് നിരവധി പേരാണ് രാഷ്ട്രദീപികയുമായി ബന്ധപ്പെട്ടത്. ഏഷ്യാനെറ്റിലെ മുന്‍ഷി എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ വേണു പിന്നീട് പ്രശസ്ത താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. എന്നാല്‍ വൃക്കരോഗത്തെത്തുടര്‍ന്ന് സാമ്പത്തികമായി ബുദ്ധിമുട്ടിലായ വേണു ഇപ്പോള്‍ സുമനസുകളുടെ സഹായം തേടുകയാണ്. കൈയിലുണ്ടായിരുന്ന പണം മുഴുവന്‍ ചികിത്സയ്ക്കായി ചെലവഴിച്ചുകഴിഞ്ഞു. മാസത്തില്‍ 12 ഡയാലിസിസ് നടത്തണം. ഒരു തവണ ഡയാലിസിസ് നടത്തുന്നതിന് നാലായിരം രൂപയോളം വേണം. കൂടാതെ വൃക്ക മാറ്റി വയ്ക്കുന്നതിന് 7 ലക്ഷം മുതല്‍ 15 ലക്ഷം വരെ തുക ആവശ്യവുമാണ്. സിനിമാരംഗത്തുനിന്ന് ഇതുവരെ കാര്യമായ സഹായങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് അദ്ധേഹം പറയുന്നു. ബാങ്ക് ഓഫ് ഇന്ത്യയുടെ ചാലക്കുടി ശാഖയില്‍ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
വേണുവിനെ 9847015436 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വേണു ഇപ്പോള്‍ ചാലക്കുടി മുരിങ്ങൂരിലുള്ള പാലിയേറ്റീവ് കെയറിലാണ്. കഴിഞ്ഞ പത്തുവര്‍ഷമായി ചാലക്കുടിയിലെ ഒരു ലോഡ്ജാണ് വേണുവിന്റെ വീട്. അടുത്തിടെയാണ് വൃക്കരോഗം തിരിച്ചറിയുന്നത്. ചികിത്സയ്ക്കായി കൈയിലുണ്ടായിരുന്ന തുക ചെലവഴിച്ചതോടെ ലോഡ്ജില്‍ നിന്നു പടിയിറങ്ങേണ്ടിവന്നു. സിനിമ താരങ്ങള്‍ക്കുള്ള സംഘടനയായ ‘അമ്മ’യില്‍ അംഗത്വമില്ലാത്തതിനാല്‍ സഹായമൊന്നും ലഭിച്ചതുമില്ല. ഭീമമായ അംഗത്വ ഫീസ് നല്കാനില്ലാത്തതിനാലാണ് അമ്മയില്‍ ചേരാതിരുന്നതെന്ന് വേണു രാഷ്ട്രദീപികഡോട്ട്‌കോമിനോട് പറഞ്ഞു. രോഗം തിരിച്ചറിഞ്ഞപ്പോള്‍ മമ്മൂട്ടിയും രാജീവ് പിള്ളയും സാമ്പത്തികമായി സഹായിച്ചിരുന്നു. മറ്റാരും സിനിമാരംഗത്തുനിന്നും അന്വേഷിച്ചുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.