മലയാളസിനിമയില്‍ വീണ്ടും കോടിക്കിലുക്കം, സൂപ്പര്‍താര ചിത്രങ്ങള്‍ക്കൊപ്പം പുതുമുഖ ചിത്രങ്ങളും പൈസ വാരുന്നു…സമീപകാലത്ത് മലയാളം മാധ്യമങ്ങളും ആരാധകരും ആഘോഷിച്ച ചില വാര്‍ത്തകളുടെ തലക്കെട്ടുകളായിരുന്നു ഇത്. ഇപ്പോള്‍ ഇതൊക്കെ പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല രാഷ്ട്രദീപികഡോട്ട്കോം വായനക്കാരുടെ ശ്രദ്ധ മറ്റൊരു വിഷയത്തിലേക്ക് ക്ഷണിക്കുകയാണ്. ആഘോഷങ്ങളുടെയോ ആരവങ്ങളുടെയോ അല്ല, മലയാള സിനിമയുടെ ഇരുണ്ട മുഖത്തേക്കാണ് ഈ ശ്രദ്ധക്ഷണിക്കല്‍.
ഏഷ്യാനെറ്റിലെ മുന്‍ഷി എന്ന പ്രസിദ്ധമായ രാഷ്ടീയ ആക്ഷേപ പരിപാടിയിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് മുന്‍ഷി വേണു. മുന്‍ഷിയിലൂടെ പ്രശസ്തനായതോടെ നിരവധി സിനിമകളും വേണുവിനെ തേടിയെത്തി. ചെറുതെങ്കിലും ശ്രദ്ധേയമായ റോളുകളിലൂടെ വേണുവും പ്രേക്ഷകര്‍ക്ക് സുപരിചിതനായി. സൂപ്പര്‍ താരചിത്രങ്ങളിലായിരുന്നു വേണു അഭിനയിച്ചിരുന്നതും. എന്നാല്‍ ഈ വേണു ഇപ്പോള്‍ സുമനസുകളുടെ കാരുണ്യം തേടുകയാണ്. വൃക്കരോഗം ബാധിച്ചതോടെ വേണു ഇപ്പോള്‍ ചാലക്കുടി മുരിങ്ങൂരിലുള്ള പാലിയേറ്റീവ് കെയറിലാണ്. കൈയില്‍ പണമില്ലാത്തതിനാല്‍ വൃക്ക മാറ്റിവയ്ക്കാനും സാധിക്കുന്നില്ല. അങ്കമാലിയിലെ സ്കാര്യ ആശുപത്രിയിലാണ് ചികിത്സ. മാസത്തില്‍ 12 ഡയാലിസിസ് വേണം. ഒരു തവണ ഡയാലിസിസിന് തന്നെ നാലായിരം രൂപയോളം വേണം. അവിവാഹിതനായതിനാല്‍ കാര്യമായ സമ്പാദ്യമൊന്നുമില്ല താനും.
കഴിഞ്ഞ പത്തുവര്‍ഷമായി ചാലക്കുടിയിലെ ഒരു ലോഡ്ജാണ് വേണുവിന്റെ വീട്. അടുത്തിടെയാണ് വൃക്കരോഗം തിരിച്ചറിയുന്നത്. ചികിത്സയ്ക്കായി കൈയിലുണ്ടായിരുന്ന തുക ചെലവഴിച്ചതോടെ ലോഡ്ജില്‍ നിന്നു പടിയിറങ്ങേണ്ടിവന്നു. സിനിമ താരങ്ങള്‍ക്കുള്ള സംഘടനയായ ‘അമ്മ’യില്‍ അംഗത്വമില്ലാത്തതിനാല്‍ സഹായമൊന്നും ലഭിച്ചതുമില്ല. ഭീമമായ അംഗത്വ ഫീസ് നല്‍കാനില്ലാത്തതിനാലാണ് അമ്മയില്‍ ചേരാതിരുന്നതെന്ന് വേണു രാഷ്ട്രദീപികഡോട്ട്കോമിനോട് പറഞ്ഞു. രോഗം തിരിച്ചറിഞ്ഞപ്പോള്‍ മമ്മൂട്ടിയും രാജീവ് പിള്ളയും സാമ്പത്തികമായി സഹായിച്ചിരുന്നു. മറ്റാരും സിനിമാരംഗത്തുനിന്നും അന്വേഷിച്ചുവരെ വന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.