ന്യൂഡൽഹി: രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഒറ്റയടിക്കു പിൻവലിക്കില്ലെന്നു വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് സാമൂഹിക അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യമാണുള്ളത്.
ലോക്ക് ഡൗണ്‍ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിനു മുന്‍പായി ശനിയാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന മുഖ്യമന്ത്രിമാരുമായി നിരന്തരം സംസാരിക്കുന്നുണ്ട്. ആരും തന്നെ ലോക്ക് ഡൗണ്‍ പിൻവലിക്കുന്നതിനെ അനുകൂലിക്കുന്നില്ല. ജില്ലാ തല ഭരണാധികാരികളുമായും വിദഗ്ധരുമായും ചർച്ച നടത്തുന്നുണ്ട്.
അവരും ലോക്ക് ഡൗണ്‍ പിൻവലിക്കണം എന്നു പറയുന്നില്ല. സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ തുടരേണ്ടതുണ്ട്.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൽ സംബന്ധിച്ചു മുഖ്യമന്ത്രിമാരുമായി വീണ്ടും ചർച്ച നടത്തും. നിലവിലെ സാഹചര്യത്തിൽ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ തുടരണമെന്നു തന്നെയാണ് എല്ലാവരുടെയും അഭിപ്രായം. ജില്ലാ തലത്തിലുള്ള സാഹചര്യങ്ങൾ കൂടി ഇക്കാര്യത്തിൽ പരിഗണിക്കും.
രാജ്യത്തെ ജനങ്ങളുടെ രക്ഷയ്ക്കായി ലോക്ക് ഡൗണ്‍ അല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. ലോക്ക് ഡൗണ്‍ പിൻവലിക്കൽ അസാധ്യമാണെന്ന് പ്രധാനമന്ത്രി ഇതാദ്യമായാണു നേരിട്ടു വ്യക്തമാക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ലഭ്യമായ വിഭവങ്ങൾ ഉപയോഗപ്പെടുത്തി മുന്നോട്ടു പോകും.സംസ്ഥാന സർക്കാരുകളുടെ സഹകരണത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നു.
ഒരു തരത്തിലുള്ള മുൻവിധികളുമില്ലാതെയാണു കേന്ദ്ര, സംസ്ഥാന സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും മുന്നോട്ടു പോകുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി എക്കാലവും ഉദ്ബോധിപ്പിച്ച സ്വദേശാവബോധത്തിന് ഇന്നും നമ്മുടെ നിത്യജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനമുണ്ട്.
എംപിമാരുമായുള്ള യോഗത്തിൽ എല്ലാവരും പങ്കുവച്ച പോസിറ്റീവ് സമീപനത്തിൽ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. യോഗത്തിൽ വിവിധ കക്ഷി നേതാക്കൾ നൽകിയ ഉറപ്പ് ജനാധിപത്യത്തെ ശക്തിപ്പെടുത്തും. കടുത്ത വെല്ലുവിളികളെ നേരിടാൻ ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
“ഇന്ത്യ ചെറുത്തുനിൽക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്ന്’
ലോക രാജ്യങ്ങളിൽ കോവിഡ് വ്യാപനം നിയന്ത്രിച്ചു നിർത്തിയിരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ജനങ്ങളെ രക്ഷിക്കാനുള്ള ഒരേയൊരു മാർഗം ലോക്ക് ഡൗണ്‍ മാത്രമാണ്. ലോകത്തെ വൻ സാന്പത്തിക ശക്തികൾ തന്നെയും അത്യാധുനിക സംവിധാനങ്ങളൊക്കെയും കോവിഡിനു മുന്നിൽ മുട്ടുകുത്തി.
ഒരു രാജ്യത്തിനും കോവിഡിനെതിരേ ഒറ്റയ്ക്കു പോരാടാനാകില്ല. അതുതന്നെയാണ് വിഭവങ്ങൾക്ക് മേൽ ഇത്രയേറെ സമ്മർദമുണ്ടാകാനുള്ള കാരണം. സ്ഥിതിഗതികൾ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്.
എല്ലാ രാജ്യങ്ങളും കോവിഡിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കലും ലോക്ക് ഡൗണും ആണ് പിന്തുടരുന്നത്. പല അപ്രതീക്ഷിത നടപടികളും സ്വീകരിക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സെബി മാത്യു