ടെറസിൽ മുന്തിരി വിളയുമോ? പലരും ഉന്നയിക്കുന്ന ചോദ്യമാണ്. അതിന് ഉത്തരമാണ് ഇടുക്കി ജില്ലയിലെ കന്പിളികണ്ടം പാറത്തോട്ടിൽ കിഴക്കേ ഭാഗത്തു ജോണിയുടെ ടെറസ് കൃഷി.
മുന്തിരി മാത്രമല്ല സ്ട്രോബറിയും ഡ്രാഗണ് ഫ്രൂട്ടുമൊക്കെ ഇവിടെ നന്നായി വിളഞ്ഞു കിടക്കുന്നതു കാണാം. ഇതിനു പുറമേ പടുതാകുളത്തിൽ കുതിച്ചു ചാടുന്ന മീനുകളുമുണ്ട്.
നാല് സെന്റ് സ്ഥലത്തെ വീടിന്റെ മൂന്നാം നിലയിൽ ഇവർ ഒരുക്കിയിട്ടുള്ള കൃഷി വിസ്മയങ്ങൾ വാക്കുകൾക്ക് അതീതം. മത്സ്യകൃഷിക്കൊപ്പം മുപ്പതോളം ഇനം പച്ചക്കറികളും മറ്റു പഴവർഗങ്ങളും.
പാറത്തോട് ടൗണിൽ സെന്റ്മേരിസ് ഫിനാൻസ് എന്ന സ്ഥാപനം നടത്തുന്ന ജോണി ടെറസിൽ കൃഷി തുടങ്ങിയിട്ടു വർഷങ്ങളായി.
വൃത്താകൃതിയിൽ കന്പി വളച്ച് അതിനുള്ളിൽ പടുത സ്ഥാപിച്ചാണ് മീൻ കുളം തയാറാക്കിയിരിക്കുന്നത്. ഇവർ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ തേടി കടകളിൽ പോയിട്ട് ഏറെക്കാലമായി.
കാബേജ് 75 ചട്ടികളിലുണ്ട്. തക്കാളി, പാഷൻ ഫ്രൂട്ട്, പടവലം, ബീൻസ്, പയർ, വെളുത്ത മുളക്, വാളങ്ങപയർ… അങ്ങനെ പോകുന്നു ചട്ടികളിൽ വളരുന്ന പച്ചക്കറികൾ.
ചെറിയ ബാരലിൽ മണ്ണിട്ടു നിറച്ചാണു മുന്തിരി നട്ടിരിക്കുന്നത്. നട്ട് ഏതാനും മാസങ്ങൾക്കുള്ളിൽ അതു കായ്ച്ചു.
മാവ്, പ്ലാവ്, ഓറഞ്ച്, ചെറുനാരകം, മൾബറി, റെഡ് ലേഡി പപ്പായ, റന്പൂട്ടാൻ, സപ്പോട്ട, ബ്ലാക്ക് ബെറി, പേര, കറിവേപ്പില, ചാന്പ, അവക്കാഡോ, മുരിങ്ങ, മധുര ക്കിഴങ്ങ് എന്നിവയും ഔഷധച്ചെടികളായ വെള്ളക്കുവയും തുളസിയും ത്വക്ക് രോഗത്തിന് ഔഷധമായി ഉപയോഗിക്കുന്ന ഗന്ധപാലയുമടക്കം എല്ലാം ഇവിടുണ്ട്.
ചാണകവും പിണ്ണാക്കുമാണ് പ്ര ധാന വളം. ചാണകപ്പൊടി, അറക്ക പ്പൊടി, മണ്ണ് എന്നിവ മിക്സ് ചെയ്തു ചട്ടികളിൽ നിറച്ചാണു ചെടി നടുന്നത്.
കഞ്ഞി വെള്ളം പുളിപ്പിച്ചു ചെടി കളിൽ തളിച്ചു കൊടുത്തു കീടങ്ങളെ നിയന്ത്രിക്കും. ജോണിക്ക് കരുത്തും സഹായവും നൽകി ഭാര്യ മേഴ്സിയും ഒപ്പമുണ്ട്.
ഫോണ്: 9446868907
ജിജോ രാജകുമാരി