വടക്കഞ്ചേരി: പാതയോരങ്ങളിൽ മുന്തിരിവിൽപന തകൃതി. ബംഗളൂരുവിൽനിന്നും ലോഡുകണക്കിന് മുന്തിരിയാണ് ദിവസവും ഇവിടെ എത്തുന്നത്.
പാതയോരങ്ങളിൽ പല ഭാഗത്തായി കുന്നുകൂട്ടിയിട്ടാണ് വില്പന. ജംബു എന്ന ഇനം മുന്തിരിയാണ് വരുന്നതെന്നു മുന്തിരി വിൽപന നടത്തുന്ന സംഘത്തിലെ തമിഴ്നാട് വേലൂർ സ്വദേശി ചന്ദ്രു പറഞ്ഞു.
കുരുവുള്ള അധികം മധുരമില്ലാത്ത മുന്തിരി ഇനമാണിത്. കിലോയ്ക്ക് 80 രൂപയ്ക്കാണ് വിൽപന നടത്തുന്നത്. ഈ മാസം മുഴുവൻ ജംബുദ്രാക്ഷിയുടെ സീസണാണ്.
രാവിലെ ബംഗളൂരുവിൽനിന്നും എത്തുന്ന മുന്തിരി ഇവർ ചെറുസംഘങ്ങളായി എത്തി 200, 300 കിലോ എന്നിങ്ങനെ വാങ്ങി റോഡുകളുടെ പലഭാഗത്തായി വില്പന നടത്തും.
നല്ല രീതിയിൽ മുന്തിരിവില്പന നടക്കുന്നുണ്ടെന്ന് ഇവർ പറയുന്നു. പലയിടത്തും വാടകയ്ക്കു താമസിച്ചാണ് മുന്തിരി വില്പന സംഘം കേരളത്തിൽ കച്ചവടം നടത്തുന്നത്.
മുന്തിരി സീസണ് കഴിഞ്ഞാൽ മാതള വില്പനയുമായി ഇവർ കളത്തിലുണ്ടാകും.