എരുമേലി: ടൗണിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന വാഴക്കാല തുമ്പമൺതോപ്പിൽ പ്രകാശ് വീട്ടുമുറ്റത്ത് നട്ട മുന്തിരിച്ചെടി പൂക്കാൻ കാത്തിരിക്കേണ്ടി വന്നത് ഒരു വർഷത്തോളം. കഴിഞ്ഞ ദിവസം ചെടിയിൽ ആദ്യമായി രണ്ട് കുല മുന്തിരി വിരിഞ്ഞപ്പോൾ വീട്ടുകാർക്കും അയൽവാസികൾക്കും ആഹ്ലാദം.
പിന്നാലെ വീണ്ടും ചെടിയിൽ കുലകൾ പൂവിട്ടുകൊണ്ടിരിക്കുകയാണ്. മുന്തിരിങ്ങകൾക്ക് പുളിപ്പ് ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, കുലകളിൽ നിന്ന് പറിച്ചെടുത്തവ കഴിച്ചപ്പോൾ മധുരമാണെന്ന് പ്രകാശ് പറയുന്നു. ചെടിയും കുലകളും കാണാൻ അറിഞ്ഞുകേട്ട് ഒട്ടേറെ പേർ വരുന്നുമുണ്ട്.
ഒരു വർഷം മുമ്പ് തന്റെ മെഡിക്കൽ ഷോപ്പിന് മുമ്പിൽ മുന്തിരി തൈ വിൽക്കാനിരുന്ന തമിഴ്നാട്ടുകാരനായ വഴിയോര കച്ചവടക്കാരൻ ഒടുവിൽ നിരാശയോടെ എഴുന്നേറ്റപ്പോൾ വില നൽകി പ്രകാശ് വാങ്ങിയതാണ് ഒരു തൈ.
വീടിന്റെ മുറ്റത്ത് അത് കുഴിച്ചിട്ട് മാസങ്ങളോളം വെള്ളം നനച്ചും വളമിട്ടും പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാൽ, വീടിന്റെ മേൽക്കൂരയിലേക്ക് വളർന്നുകയറി പടർന്നു പന്തലിച്ചതല്ലാതെ ഒരു മുന്തിരിക്കുല പോലും ഉണ്ടായില്ല.
കേരളത്തിൽ മുന്തിരിക്ക് പറ്റിയ മണ്ണും കാലാവസ്ഥയുമില്ലെന്നും അതുകൊണ്ട് മുറിച്ചുകളയുകയാണ് നല്ലതെന്നും പലരും പറഞ്ഞു. പക്ഷെ, ടെറസിലേക്ക് വളർന്ന മുന്തിരിച്ചെടിയുടെ വള്ളികൾക്ക് പന്തലൊരുക്കി കൊടുത്തതല്ലാതെ ഒരു ഇല പോലും മുറിക്കാൻ പ്രകാശ് തയാറായില്ല.
വീട്ടുമുറ്റത്തെ മീൻകുളത്തിലെ വെള്ളം ദിവസവും ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുത്തുകൊണ്ടിരുന്നു. അങ്ങനെ ഒടുവിൽ തന്റെ പ്രതീക്ഷ അസ്തമിച്ചപ്പോഴാണ് മുന്തിരിച്ചെടിയിൽ മുന്തിരികുലകൾ വിരിഞ്ഞതെന്ന് സന്തോഷത്തോടെ പ്രകാശ് പറയുന്നു.