പ്രണയം പൂത്തു തളിർക്കേണ്ടത് ഫോണുകളിലൂടെയല്ല മറിച്ച്, ഭവനങ്ങളിലാണെന്ന് ജിബു ജേക്കബ് പറയുന്പോൾ ഇന്നത്തെ സമൂഹത്തിന്റെ നേർചിത്രം കൂടി അറിയാതെ ഓർത്തുപോകും. വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലും വാഴുന്ന ഇന്നത്തെ പ്രണയങ്ങൾക്കിടയിൽ മുന്തിരിവള്ളികളുടെ സ്ഥാനം വലുതാണ്. പഴമയുടെ മുന്തിരിച്ചാറ് നുണയുന്പോൾ കിട്ടുന്ന ഉൗർജം പുതുമയുടെ രസച്ചരടിൽ കുടുങ്ങിപ്പോകാതെ നിങ്ങളെ സംരക്ഷിച്ചോളുമെന്നാണ് ഉലഹന്നാനും കുടുംബവും പറഞ്ഞുവയ്ക്കുന്നത്.
ദൃശ്യത്തിനു ശേഷം മീനയ്ക്ക് കിട്ടിയ മികച്ച വേഷമാണ് മുന്തിരിവള്ളികളിലെ ആനിയമ്മയെന്ന് നിസംശയം പറയാം. പ്രായത്തിനൊത്ത വേഷത്തിൽ വീട്ടമ്മയായി മീന സ്ക്രീനീൽ നിറഞ്ഞുനിന്നപ്പോൾ കാണാൻ കഴിഞ്ഞത് ഓരോ വീടുകളിലും ഒതുങ്ങിക്കൂടി കഴിയുന്ന വീട്ടമ്മമാരുടെ പ്രതിനിധിയെയാണ്. വീട്ടിലെ അന്തരീക്ഷത്തിന് മാറ്റം ഉണ്ടാകുന്നത് ദന്പതികളുടെ സന്തോഷം തളിർക്കുന്പോഴാണെന്ന് പറയുന്നതിനോടൊപ്പം ഇനിയും വിട്ടകന്നിട്ടില്ലാത്ത പ്രണയത്തെ ചേർത്തു പിടിച്ചാൽ ഇതുവരെ കാണാത്ത മനോഹര കാഴ്ചകൾ കാണാൻ കഴിയുമെന്നും ചിത്രം ഓർമിപ്പിക്കുന്നു.
വീട്ടിൽ ഗൃഹനാഥന്റെ റോൾ എന്താണെന്ന് ഉലഹന്നാനിലൂടെ മോഹൻലാൽ കാട്ടിത്തരുന്പോൾ എല്ലാം കുടുംബനാഥൻമാർക്കും സ്വയം വിലയിരുത്തലിനുള്ള അവസരം കൂടിയാണിത്. അച്ഛനും അമ്മയ്ക്കും മക്കൾക്കുമിടയിലുള്ള അകലം കുറയുന്നത് സ്നേഹം തളിരിടുന്പോഴാണെന്നും മസിലുപിടുത്തം ബോറടി കൂട്ടുകയേയുള്ളൂവെന്നും ഉലഹന്നാനിലൂടെ സംവിധായകൻ ഓർമിപ്പിക്കുന്നു.
പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്റെ കുടുംബാന്തരീക്ഷത്തിലുള്ള മാറ്റങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. അതിനിടയിൽ കടന്നുവരുന്ന കഥാപാത്രങ്ങളെ ഒത്തിണക്കത്തോടെ ജിബു ജേക്കബ് കൂട്ടിച്ചേർത്തപ്പോൾ അനൂപ് മേനോൻ, അലൻസിയർ, കലാഭവൻ ഷാജോൺ എന്നിവർക്ക് മികച്ച വേഷങ്ങൾ കിട്ടി. എല്ലാവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി പകർന്നാടിയപ്പോൾ ഒരുപാട് കുടുംബങ്ങളിലെ സന്തോഷവും ദുഃഖവും സ്ക്രീനിൽ മിന്നിത്തിളങ്ങി.
ഇന്നത്തെ കുട്ടികളിൽ തളിരിടുന്ന പ്രണയത്തിന്റെ ആയുസ് കുടുംബാന്തരീക്ഷത്തിൽ തളിരിടുന്ന സ്നേഹത്തിന് മുന്നിൽ ഒന്നുമല്ലാതായി പോകുമെന്ന് ചിത്രം കാട്ടിത്തരുന്നുണ്ട്. കുടുംബാന്തരീക്ഷത്തിന്റെ ഉൗഷ്മളതയ്ക്ക് ഇണങ്ങിയ സംഗീതം ഒരുക്കി എം.ജയചന്ദ്രനും ബിജിപാലും ചിത്രത്തിന് സുഖമുള്ള താളം നിലനിർത്തി. ഒറ്റ ഗാനത്തിലൂടെ കുട്ടനാടിന്റെ സൗന്ദര്യം ഒട്ടും ചോരാതെ തന്നെ പ്രമോദ് കെ. പിള്ള ഒപ്പിയെടുത്തപ്പോൾ ചിത്രത്തിന് കിട്ടിയ ഉണർവ് നിങ്ങൾ തീയറ്ററിൽ പോയി തന്നെ ആസ്വദിക്കുക.
കുടുംബാന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഓരോ വ്യക്തിയെയും എങ്ങനെയെല്ലാം മാറ്റിമറിക്കുമെന്ന് ഉലഹന്നാന്റെ കുടുംബ കാഴ്ചകളിലൂടെ ജിബു ജേക്കബും സംഘവും കാട്ടിത്തരുന്പോൾ മുഖം മറയ്ക്കാതെ തന്നെ ആ കാഴ്ചകൾ കണ്ടിരിക്കാം. ഇന്നത്തെ രാഷ്ട്രീയത്തിന്റെ നേർചിത്രവും സർക്കാർ ഉദ്യോഗസ്ഥരുടെ പെടാപ്പാടുകളും ചിത്രത്തിൽ നിഴലിക്കുന്നുണ്ട്. എല്ലാത്തിനും ഉപരി എല്ലാവരിലും പ്രണയം തളിർക്കുമെന്നും അത് ഓരോരുത്തരിലും കൊണ്ടുവരുന്ന രസകരങ്ങളായ മാറ്റങ്ങൾ എന്തൊക്കെയാണെന്നും ചിത്രത്തിൽ കാണാൻ സാധിക്കും.
പ്രണയത്തിന്റെ ഇരുപുറങ്ങളെ മോഹൻലാലിലൂടെയും അനൂപ് മേനോനിലൂടെയും സംവിധായകൻ തുറന്നുകാട്ടുന്നുണ്ട്. ഈ ജനുവരിയിൽ തളിർത്ത മുന്തിരിവള്ളികൾ നിങ്ങളെ നന്നായി ആസ്വദിപ്പിക്കുമെന്നതിൽ തർക്കമില്ല.അല്പം വൈകിയെങ്കിലും പ്രണയം ആവോളം ചേർത്ത മുന്തിരിച്ചാറ് തന്നെയാണ് ജിബു ജേക്കബ് മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്.
(ജിബു ജേക്കബിന് മോഹൻലാൽ നല്കിയ സമ്മാനമാണ് ഈ മുന്തിരിവള്ളികൾ)
വി. ശ്രീകാന്ത്