കാളികാവ്: വീട്ടുമുറ്റത്തു മുന്തിരിവള്ളികൾ കുലച്ചതിന്റെ ആഹ്ലാദത്തിലാണ് മാളിയേക്കലിലെ ഉരലുമടക്കലിലെ പള്ളാട്ടിൽ ഇസ്ഹാഖിന്റെ കുടുംബം. ഇൻസ്ട്രിയൽ ഷോപ്പ് നടത്തിപ്പുകാരനായ ഇസ്ഹാഖ് വീടിനു മുന്നിൽ നിർമിച്ച പന്തലിലാണ് മുന്തിരിവള്ളി പടർത്തിയിരിക്കുന്നത്. അങ്ങാടിയിലെ ചന്തയിൽ നിന്നാണ് ഇസ്ഹാഖിനു മുന്തിരി വള്ളി ലഭിച്ചത്. വള്ളികൾ വീട്ടുമുറ്റത്ത് പ്രത്യേകം തയാറാക്കിയ തടത്തിൽ നടുകയായിരുന്നു.
തുടക്കത്തിൽ വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം നമ്മുടെ നാട്ടിൽ മുന്തിരിവള്ളികൾ തളിർക്കില്ലെന്ന് പറഞ്ഞ് നിരുൽസാഹപ്പെടുത്തിയിരുന്നു. എന്നാൽ പിൻമാറാൻ തയാറാകാതെ ഇസ്ഹാഖ് മുന്തിരിവളളിയെ പരിപാലിച്ചു. ചാണകവും ഗോമൂത്രവും വളമായി ഉപയോഗിച്ചു.മുന്തിരി വള്ളികൾ തളിർത്തു വലുതായപ്പോൾ എല്ലാവരും സഹായത്തിനെത്തി. ഇൻഡസ്ട്രിയൽ ഷോപ്പിന്റെ ഉടമയായതിനാൽ വള്ളികൾക്ക് സുരക്ഷയൊരുക്കാൻ പ്രത്യേകം ഇരുന്പിന്റെ നെറ്റുകളും നിർമിച്ചു.
കർഷക തൊഴിലാളിയായിരുന്ന പിതാവ് വളളികൾക്ക് തടമൊരുക്കി. മാതാവ് കദീജയും സഹായത്തിനെത്തി. എൽകെജി വിദ്യാർഥിയായ മുഹമ്മദ് ഷാനിൽ രാവിലെ തന്നെ ഉണർന്ന് വള്ളികൾക്ക് വെള്ളമൊഴിച്ച് കൊടുക്കും. ഷെഡ് നിർമിക്കാൻ സ്ഥാപിച്ച പന്തലിൽ വള്ളികൾ പടരുകയും മുന്തിരിവള്ളികളിൽ കായ്ഫലം ഉണ്ടാകുകയും ചെയ്തു.കൃഷി വിദഗ്ദരുടെ നിർദേശ പ്രകാരമാണ് ഇസ്ഹാഖ് വളളികൾ പരിപാലിച്ചത്. നിറയെ കുല വന്നതോടെ കാണാൻ നാട്ടുകാർ ധാരാളം വരുന്നു.
മുന്തിരി കൃഷി പുളിക്കുമെന്ന് പറഞ്ഞ് വിമർശിച്ചവരെല്ലാം ഇസ്ഹാഖിനെ അഭിനന്ദിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. കൃഷി ഓഫീസർ കെ.വി ശ്രീജ മുന്തിരിവള്ളിയുടെ പരിപാലനത്തിന് മാർഗനിർദേശം നൽകുന്നുണ്ട്. ഇസ്ഹാഖിന്റെ വീട്ടുമുറ്റത്തു കുലച്ച മുന്തിരിവള്ളികൾ മാളിയേക്കലിൽ ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുകയാണ്.മേഖലയിൽ വ്യാപകമായി മുന്തിരി കൃഷിക്കാരുങ്ങുകയാണ് ഇസഹാക്കും സുഹൃത്തുക്കളും.
ബൈക്കുകളുടെ സ്റ്റാൻഡ് തട്ടാതെ സ്റ്റാർട്ടാകാത്ത സംവിധാനം ഇസ്ഹാഖ് സ്വന്തം കരവിരുതിൽ മുന്പ് ഒരുക്കിയിരുന്നു.ബൈക്കുകൾ അപകടത്തിൽ പെടുന്നത് ഒഴിവാക്കാൻ ഗീയർ മാറണമെങ്കിൽ സ്റ്റാൻഡ് തട്ടണമെന്ന സംവിധാനമാണ് ഉണ്ടാക്കിയത്. നൂറുകണക്കിന് ബൈക്കുകളിൽ ഇസ്ഹാഖ് ഈ സംവിധാനം സൗജന്യമായി ചെയ്ത് കൊടുത്തിട്ടുണ്ട്. – See more at: