മുപ്ലി വണ്ടിന്റെ ശല്യം വർധിച്ചതോടെ നാട്ടുകാർ ദുരിതത്തിൽ. സന്ധ്യ കഴിഞ്ഞാൽ വീടുകളിൽ കഴിയാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. പള്ളിക്കത്തോട്, കൂരോപ്പട, മീനടം എന്നിവിടങ്ങളിൽ മുപ്ലി വണ്ടിന്റെ ശല്യം അതിരൂക്ഷമാണ്. സമീപങ്ങളിലെ റബർത്തോട്ടങ്ങളിൽ നിന്നാണു വണ്ടുകളുടെ ആക്രമണം ഉണ്ടാകുന്നത്. വീടുകളുടെ വെന്റിലേഷനുൾപ്പെടെ അടച്ചിട്ടും ഫലമില്ലാതെ വന്നതോടെ പലർക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.
സന്ധ്യാസമയത്ത് ബൾബുകൾ പ്രകാശിപ്പിക്കുന്നതോടെ ചുറ്റും ആയിരക്കണക്കിനു വണ്ടുകളാണ് പറ്റിപ്പിടിച്ചിരിക്കുന്നത്. രാവിലെ ആകുമ്പോഴേക്കും ചുവരുകൾക്കിടയിലും മച്ചിലും ഇവ കയറിപ്പറ്റും. തോട്ടങ്ങൾക്കു സമീപമുള്ള വീടുകളിലാണു മുപ്ലി ശല്യം കൂടുതലായി കാണപ്പെടുന്നത്.
ഈ വണ്ട് ശരീരത്തിൽ കയറിയാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതും പൊള്ളലേൽക്കുന്നതും സാധാരണമാണ്. ആഹാര പദാർഥങ്ങളിൽ വീഴുമെന്നതിനാൽ പല വീടുകളിലും അത്താഴം മുടങ്ങുന്ന സ്ഥിതിയുമുണ്ട്.
രാത്രികാലങ്ങളിൽ ഇരുചക്ര വാഹനയാത്രക്കാർക്കും ഇവ ഭീഷണിയാണ്. ഇവ കുഞ്ഞുങ്ങളുടെ മൂക്കിലും ചെവിയിലും കയറുന്ന സംഭവങ്ങളും ഉണ്ട്. പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി മുപ്ലി വണ്ട് ശല്യം ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.