കൊടകര: വനത്തിലൂടെ ഒഴുകുന്ന മുപ്ലി പുഴ വറ്റിവരണ്ടതോടെ മറ്റത്തൂർ പഞ്ചായത്തിലെ കാരിക്കടവ് ആദിവാസി കോളനിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. പുഴയിൽ കുഴിയുണ്ടാക്കി അതിൽ നിന്ന് തെക്കിയെടുക്കുന്ന വെള്ളവും ആഴ്ചയിലൊരിക്കൽ ജനമൈത്രി പോലിസ് വാഹനത്തിൽ എത്തികൊടുക്കുന്ന വെള്ളവുമാണ് കോളനിയിലെ ആദിവാസി കുടുംബങ്ങൾക്കാശ്രയം.
മലയർ വിഭാഗക്കാരായ 16 കുടുംബങ്ങളാണ് കാരിക്കടവ് ആദിവാസി കോളനിയിൽ താമസിക്കുന്നത്. കുറുമാലി പുഴയുടെ കൈവഴിയായ മുപ്ലിപുഴയോരത്താണ് കോളനി സ്ഥിതി ചെയ്യുന്നത്. മറ്റത്തൂർ പഞ്ചായത്തിലെ വടക്കുകിഴക്കേ കോണിലുള്ള ചൊക്കന വാർഡിൽപെട്ട ഈ കോളനിയിൽ വേനൽമാസങ്ങളായാൽ ശുദ്ധജലം കിട്ടാക്കനിയാണ് . വേനലാരംഭത്തോടെ പുഴയും കോളനിയിലുള്ള കിണറുകളും വറ്റിപോകും.
പിന്നെ പുഴയിൽ കുഴിയുണ്ടാക്കി അതിൽ നിന്ന് കോരിയെടുക്കുന്ന വെള്ളമാണ് ഇവർ ഉപയോഗിക്കാറുള്ളത്. കാരിക്കടവ് കോളനിക്കാരുടെ ദുരിതം പരിഹരിക്കുന്നതിനായി രണ്ടുവർഷം മുന്പ് ജനമൈത്രി പോലിസ് പുതിയൊരു പദ്ധതി ഇവിടെ നടപ്പാക്കിയിരുന്നു.
ജില്ല പോലിസിന്റെ കീഴിലുള്ള മെഴ്സികോപ്സിന്റെ സഹായത്തോടെയായിരുന്നു കോളനിയിലെ ജലക്ഷാമത്തിനു പരിഹാരമുണ്ടാക്കാൻ പദ്ധതി ആവിഷ്ക്കരിച്ചത്. ഇതിന്റെ ഭാഗമായി കോളനിയിലെ രണ്ടുകിണറുകളുടേയും ആഴം കൂട്ടുകയും ആൾമറ കെട്ടി സംരക്ഷിക്കുകയും ചെയ്തു. കിണറുകളോടു ചേർന്ന് മോട്ടർ ഷെഡുകളും നിർമിച്ചു.
ഇവിടെ നിന്ന പന്പ് ചെയ്യുന്ന വെള്ളം കോളനിയുടെ പ്രവേശനകവാടത്തിനു സമീപം ്ഉയരത്തിൽ നിർമിച്ച കോണ്ക്രീറ്റ് തറയിൽ സ്ഥാപിച്ച ജലസംഭരണികളിലേക്കെത്തിച്ച് വിതരണം ചെയ്യാൻ സംവിധാനമുണ്ടാക്കി. പതിനായിരം ലിറ്റർ സംഭരണ ശേഷിയുള്ള രണ്ട് ടാങ്കുളാണ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കോളയിൽ സ്ഥാപിച്ചത്. ഇതിന്റെ ഭാഗമായി മുഴുവൻ വീടുകളിലും ടാപ്പുകളും സ്ഥാപിച്ചു.
കഴിഞ്ഞ പ്രളയത്തിൽ കിണറുകളിലൊന്ന് പുഴ വെള്ളം നിറഞ്ഞ് മലിനമാകുകയും മോട്ടോർ കേടുവരികയും ചെയ്തിരുന്നു. പ്രളയശേഷം കിണറുകൾ വൃത്തിയാക്കുകയും മോട്ടോറുകൾ നന്നാക്കി പ്രവർത്തനക്ഷമമാക്കുകയും ചെയ്തെങ്കിലും പതിവില്ലാത്തവിധം ഇത്തവണ വേനൽകടുത്തത് പുഴയും കിണറുകളും വറ്റിവരളാൻ കാരണമായി. കാരിക്കടവ് കോളനിയിലെ ജലക്ഷാമത്തിനു ശാശ്വത പരിഹാരം കാണാൻ നടപടിയുണ്ടാകണമെന്നാണ് ആദിവാസി കുടുംബങ്ങൾ ആവശ്യപ്പെടുന്നത്.