കോടാലി: മലയോരത്തെ തോട്ടം തൊളിലാളികളടക്കം ഒട്ടേറെ പേർ ആശ്രയിക്കുന്ന മുരുക്കുങ്ങൽ – മുപ്ലി റോഡിന്റെ ശനിദശക്ക് പരിഹാരമാകുന്നു. വർഷങ്ങളായി റീ ടാറിംഗ്് നടക്കാത്തതിനാൽ കുണ്ടും കുഴിയും നിറഞ്ഞ് കിടക്കുന്ന റോഡ് 36 ലക്ഷം ചെലവിൽ നവീകരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി.
മറ്റത്തൂർ പഞ്ചായത്തിലെ കോടാലി, അന്നാംപാടം, മുരുക്കുങ്ങൽ, താളൂപ്പാടം, പള്ളിക്കുന്ന് പ്രദേശങ്ങളിൽ നിന്ന്്് ഹാരിസണ് മലയാളം പ്ലാന്റേഷനിലെ ചൊക്കന, കുണ്ടായി, പാലപ്പിള്ളി എസ്റ്റേറ്റുകളിലേക്കുള്ള നൂറുകണക്കിനു തൊഴിലാളികൾ ആശ്രയിക്കുന്നതാണ് മുരുക്കുങ്ങൽ മുപ്ലി റോഡ്. മറ്റത്തൂർ, വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് കഴിഞ്ഞ മൂന്നുവർഷത്തിലേറെയായി അങ്ങേയറ്റം ശോച്യാവസ്ഥയിലായ സാഹചര്യത്തിലാണ് നവീകരണ പ്രവൃത്തികൾക്ക് മറ്റത്തൂർ പഞ്ചായത്തധികൃതർ നടപടി സ്വീകരിച്ചത്.
റോഡ് ടാറിംഗിന്റെ ടെൻഡർ നടന്നു കഴിഞ്ഞതായും ഈ സാന്പത്തിക വർഷത്തിൽ തന്നെ റോഡ് പണി പൂർത്തീകരിക്കുമെന്നും മറ്റത്തൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്.പ്രശാന്ത് അറിയിച്ചു.റോഡ് കൂടുതൽ ശോച്യാവസ്ഥയിലായതോടെ നിർമ്മാണത്തിനു കൂടുതൽ തുക വേണ്ടിവരുമെന്നതിനാൽ ജില്ല പഞ്ചായത്തിന്റെ സഹായത്തോടയാണ് ഇപ്പോൾ പുനർനിർമ്മാണത്തിന് ഒരുങ്ങുന്നത്.
20 ലക്ഷം രൂപ ഇതിനായി ജില്ല പഞ്ചായത്ത് അനുവദിച്ചത്. ഗ്രാമപഞ്ചായത്ത് കഴിഞ്ഞ വർഷം നീക്കിവച്ച ഒന്പതുലക്ഷത്തിനു പുറമെ ഈ വർഷം അനുവദിച്ച 7,18,000 രൂപയും കൂടി വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്.