കോട്ടയം: സൗത്ത് പാന്പാടി കുറ്റിക്കലിന് സമീപം ഒരു പ്രദേശത്തെ ജനങ്ങൾ മുപ്ലി വണ്ടിന്റെ ഭീഷണിയിൽ. നെടുങ്ങോട്ടുമലയിലും പരിസരത്തുമാണ് മുപ്ലിവണ്ടിന്റെ ശല്യം രൂക്ഷമായത്. സന്ധ്യയായാൽ വീട് മുഴുവൻ മുപ്ലി വണ്ട് നിറയും. ലൈറ്റിട്ടാൽ ഭിത്തിയിലും തറയിലുമെല്ലാം വണ്ട് വന്നിരിക്കുകയാണ്. കൂട്ടത്തോടെയാണ് വരുന്നത്.
രാത്രിയിൽ വീട്ടുകാർക്ക് ഭക്ഷണം കഴിക്കാൻ പോലും കഴിയുന്നില്ല. ഭക്ഷണം കഴിക്കാനിരുന്നാൽ പാത്രത്തിൽ വണ്ടു വീഴും. അതിനാൽ ലൈറ്റ് അണച്ച് ഇരുട്ടിലിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. കൊച്ചുകുട്ടികളുടെ ചെവിയിൽ വണ്ട് കയറി ബുദ്ധിമുട്ടുണ്ടാക്കുന്നു. വണ്ട് ശരീരത്തിൽ വന്നിരിക്കുന്പോൾ പുറപ്പെടുവിക്കുന്ന ആസിഡ് പൊള്ളലേൽക്കാനിടയാക്കുന്നു. വണ്ടിന്റെ ശല്യം മൂലം നെടുങ്ങോട്ടുമല നിവാസികൾ ഉറങ്ങിയിട്ട് ദിവസങ്ങളായി.
നേരം വെളുക്കുന്പോൾ മുറ്റത്തും പരിസരങ്ങളിലും ചത്ത വണ്ടുകൾ കുന്നുകൂടി കിടക്കുകയാണ്. വേനൽക്കാലത്തുണ്ടാകുന്ന മഴയെ തുടർന്ന് റബർ തോട്ടത്തിൽ നിന്നാണ് വണ്ട് എത്തുന്നത്. മിക്ക വേനൽക്കാലത്തും വണ്ട് ശല്യമുണ്ടാകാറുണ്ടെങ്കിലും ഇക്കുറി രൂക്ഷമാണ്.
വണ്ടിനെ നശിപ്പിക്കാനുള്ള കീടനാശിനിയോ ചെറുക്കാനുള്ള മറ്റ് വരുന്നുകളോ വാങ്ങാൻ നിവൃത്തിയില്ലാത്ത പാവപ്പെട്ട ജനങ്ങളാണ് നെടുങ്ങോട്ടുമലിയിൽ താമസിക്കുന്നത്. അതിനാൽ അവർക്ക് വണ്ടിനെ പ്രതിരോധിക്കാനുള്ള മരുന്ന് വിതരണം ചെയ്യണമെന്ന് കർഷക കോണ്ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ് ആവശ്യപ്പെട്ടു.