കടുത്തുരുത്തി: വേനല്‍മഴയെത്തുടര്‍ന്ന് നാട്ടില്‍ മുപ്ലി വണ്ട് ശല്യം രൂക്ഷം. ലൂപ്റോപ്സ് ട്രിസ്റ്റിസ് എന്ന ശാസ്ത്രനാമമുള്ള മുപ്ലി വണ്ടുകള്‍ കൂട്ടത്തോടെ വീടുകളിലേക്കെത്തുന്നതോടെ ജനജീവിതം ദുരിതപൂര്‍ണമാവുകയാണ്.
കടുത്തുരുത്തി, കുറവിലങ്ങാട്, പാലാ, കാഞ്ഞിരപള്ളി, പാമ്പാടി തുടങ്ങിയ പ്രദേശങ്ങളില്‍ വണ്ടുകളുടെ ശല്യം രൂക്ഷമാണ്. ആയിരക്കണക്കിന് വണ്ടുകളാണ് കൂട്ടത്തോടെ വീടുകളിലേക്ക് ഇരച്ചെത്തുന്നത്. കൂടാതെ വീടിനുള്ളില്‍ രാത്രിയില്‍ മൂളിപറക്കുന്ന ഇവയുടെ ശല്യത്തില്‍ വീട്ടുകാരുടെ ജീവിതം വലിയ പ്രതിസന്ധിയിലാവും.
വീടുകളില്‍ കടക്കുന്ന വണ്ട് ഭിത്തികളിലും തട്ടുകളിലും പാത്രങ്ങളിലുമെല്ലാം പറ്റി പിടിച്ചിരിക്കും. കൂട്ടത്തോടെ എത്തുന്ന ഇവയെ തുരത്താന്‍ ഒരു മാര്‍ഗവുമില്ലാതെ വീട്ടുകാര്‍ വിഷമിക്കുകയാണ്. വേനല്‍മഴ പെയ്തതോടെ മുപ്ലിവണ്ടിന്റെ എണ്ണം കൂടിയുട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. റബര്ത്തോട്ടങ്ങള്ക്ക് സമീപമുള്ള വീടുകളിലാണ് വണ്ടിന്റെ ശല്യം രൂക്ഷമായിരിക്കുന്നത്.
ഓടിട്ട വീടുകളിലും മച്ചുള്ള വീടുകളുടെ മുകളിലും ഭിത്തികളിലുമെല്ലാം പകല്‍സമയത്ത് കൂട്ടമായി വണ്ടുകള്‍ പറ്റി പിടിച്ചിരിക്കും. രാത്രിയില്‍ ലൈറ്റിന്റെ പ്രകാശം തെളിയുന്നതോടെ ഇവ കൂട്ടമായി ഭിത്തികളില്‍ വന്നു നിറയും. ലൈറ്റ് കെടുത്തിയാല്‍ വെളിച്ചമുള്ള മറ്റു ഭാഗത്തേയ്ക്കു ഇവ പറക്കും.
ഭിത്തിയിലും മേല്ക്കൂരയിലുമെല്ലാമായി ഇരിക്കുന്ന വണ്ടുകള്‍ താഴേക്കു വീഴുന്നത് ഭക്ഷണ പാത്രത്തിലോ, കുടിക്കുന്ന വെള്ളത്തിലോ, കിടക്കയിലോ മറ്റോയായിരിക്കും. മുപ്ലി വണ്ടിനെ ഭയന്ന് വീട്ടുകാര്‍ക്ക് രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ പോലുമാവില്ല.
അലമാരകളിലും വസ്ത്രങ്ങളിലുമെല്ലാം നിറയുന്ന വണ്ടുകള്‍ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ശരീരത്തില്‍ പറ്റിപ്പിടിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നു. കൂടാതെ ചെവിയിലും മറ്റും ഇവ കേറിയാലുണ്ടാകുന്ന പ്രതിസന്ധി വീട്ടുകാരുടെ ഉറക്കം കെടുത്തും.
കീടനാശിനികള്‍ പ്രയോഗിച്ചിട്ടും മണ്ണെണ്ണ തളിച്ചിട്ടും വണ്ടുകളെ തുരുത്താന്‍ കഴിയാത്ത അവസ്ഥയാണെന്നു നാട്ടുകാര്‍ പറയുന്നു.
വണ്ടുകളെ തൂത്തുവാരി മണ്ണെണ്ണ ഒഴിച്ചു കത്തിച്ചാലും രക്ഷയില്ലാത്ത അവസ്ഥയാണ്.