തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന് കേരളത്തിൽ നൽകിയിരുന്ന പൈലറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനം സംസ്ഥാന സർക്കാർ പിൻവലിച്ചതായി പരാതി.
ഇതേതുടർന്ന് സർക്കാർ അനുവദിച്ച ഗണ്‍മാനെ വി. മുരളീധരനും വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു. സർക്കാരിന്റെ സുരക്ഷ കണ്ടല്ല താൻ പ്രവർത്തിക്കുന്നതെന്ന് വി. മുരളീധരൻ മാധ്യമങ്ങളോടു പറഞ്ഞത്.
വൈ കാറ്റഗറി സുരക്ഷയുള്ള കേന്ദ്രമന്ത്രി ആണ് വി. മുരളീധരൻ. കേരളത്തിൽ എത്തുന്പോൾ അദ്ദേഹത്തിന് പൈലറ്റും രാത്രി കാലങ്ങളിൽ എസ്കോർട്ടും പോലീസ് ഒരുക്കാറുണ്ട്.
എയർപോർട്ട് മുതൽ സുരക്ഷ ഒരുക്കി പോലീസ് കേന്ദ്രമന്ത്രിയുടെ വാഹനത്തെ അനുഗമിക്കാറുണ്ട്. എന്നാൽ ശനിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തിയപ്പോൾ പോലീസിന്റെ പൈലറ്റ് വാഹനം വി.മുരളീധരന് ഒരുക്കിയിരുന്നില്ല.
പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സർക്കാർ അനുവദിച്ച ഗണ്‍മാനെ വി. മുരളീധരനും ഒഴിവാക്കി. കേന്ദ്രസഹമന്ത്രിയെ അനുഗമിച്ചിരുന്ന ഗൺമാനെ ബേക്കറി ജംഗ്ഷനിൽ വച്ച് പേഴ്സണൽ സ്റ്റാഫ് ഇറക്കിവിടുകയായിരുന്നു.