മുറെയ്ക്ക് എടിപി കിരീടം; ഒന്നാം സ്ഥാനം നിലനിര്‍ത്തി

sp-fb-murAI

ലണ്ടന്‍: ബ്രിട്ടന്റെ ആന്‍ഡി മുറെയ്ക്ക് എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സ് കിരീടം. അഞ്ചുവട്ടം ചാമ്പ്യനായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ 6–3 6–4 എന്ന സ്‌കോറിന് തകര്‍ത്താണ് നേട്ടം. മുറെയുടെ തുടര്‍ച്ചയായ 24–ാം ജയമാണിത്. കിരീട നേട്ടത്തോടെ ലോക ടെന്നീസിലെ ഒന്നാം നമ്പര്‍ സ്ഥാനവും മുറെ നിലനിര്‍ത്തി.

ജോക്കോവിച്ച്, റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, ആന്‍ഡി റോഡിക്ക് എന്നിവര്‍ക്ക് ശേഷം ഒന്നാം റാങ്കോടെ സീസണ്‍ അവസാനിപ്പിക്കുന്ന കളിക്കാരനാണ് മുറെ. പാരീസ് മാസ്‌റ്റേഴ്‌സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കാനഡയുടെ മിലോസ് റാവോണിക് പിന്മാറിയതിനേത്തുടര്‍ന്നാണ് എതിരാളിയായിരുന്ന മുറെ ഒന്നാം സ്ഥാനത്തേക്കു മുന്നേറിയത്. 1973ലാണ് റാങ്കിംഗ് സംവിധാനം ആരംഭിക്കുന്നത്.

2003ല്‍ പ്രഫഷണല്‍ ടെന്നീസിലെത്തിയ മുറെ 540–ാം റാങ്കിലായിരുന്നു. 2004 എത്തിയപ്പോള്‍ 411ലെത്തി. 2005 ആയപ്പോഴേക്കും 64–ാം സ്ഥാനത്തും 2006 എത്തിയപ്പോള്‍ 17ലേക്കും കുതിച്ചെത്തി. 2009,2010,2011, 2014 വര്‍ഷങ്ങളില്‍ മുറെ നാലാം സ്ഥാനത്തായിരുന്നു. 2012ല്‍ മൂന്നാം സ്ഥാനത്തേക്കുമുയര്‍ന്നു. 2015ല്‍ രണ്ടാം സ്ഥാനത്തെത്തി.

Related posts