കോഴിക്കോട്: കോഴിക്കോട് വടകരയിലെ കല്ലാമല സീറ്റ് കോണ്‍ഗ്രസിന് കല്ലുകടിയാവുന്നു. യുഡിഎഫും ആര്‍എംപിഐയും ചേര്‍ന്നുള്ള ജനകീയ മുന്നണിയുടെ സ്ഥാനാര്‍ഥിക്കെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മത്സരരംഗത്തിറക്കിയതാണ് നിലവിലെ തര്‍ക്കത്തിന് കാരണം.
കോണ്‍ഗ്രസ് നേതാക്കള്‍ ജനകീയ മുന്നണിയുമായി നടത്തിയ ചര്‍ച്ചയില്‍ പരിഹാരം കാണാന്‍ സാധിച്ചില്ല. ഇതോടെ കെപിസിസി തന്നെ പ്രശ്നത്തിനു പരിഹാരം കാണണമെന്ന് ഡിസിസി അറിയിച്ചു. എന്നാല്‍ കെപിസിസി വിഷയത്തില്‍ ഇടപെടില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്.
ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ച മണ്ഡലം വിട്ട് കെ.മുരളീധരന് എംപി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രചാരണം ആരംഭിച്ചതും കെപിസിസി നേതൃത്വത്തെ പ്രതിസന്ധിയിലാക്കി.
പ്രശ്നം പരിഹരിക്കാതെ പ്രചാരണത്തിനിറങ്ങില്ലെന്നാണ് കെ.മുരളീധരന് പറയുന്നത്. അതേസമയം കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു.
പ്രചാരണം സജീവമായി നടക്കുന്നുണ്ടെന്നും പ്രദേശിക നേതാക്കളും പ്രവര്‍ത്തകരും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ മുന്നണിയുടെ സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും തമ്മില്‍ സൗഹൃദമത്സരം നടത്തണമെന്ന ധാരണയായിരുന്നു ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്നത്.
എന്നാല്‍ ജനകീയ മുന്നണി ഇതിന് തയാറായില്ല. ഇരുവിഭാഗത്തിന് വേണ്ടി കോണ്‍ഗ്രസ് നേതാക്കളും രംഗത്തിറങ്ങേണ്ടെന്നാണ് തീരുമാനം.
കല്ലാമലയില്‍ ആര്‍എംപിഐ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ആര്‍എംപിഐയുടെ ഏരിയാ കമ്മിറ്റിയംഗം സുഗതനെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു.
എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഇക്കാര്യം അറിയിച്ചിരുന്നില്ല. മുല്ലപ്പള്ളിയുടെ ഡിവിഷനായ കല്ലാമല സീറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെതായിരുന്നു.
കെപിസിസി ഇക്കാര്യം നേരത്തെ തന്നെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് പ്രാദേശിക തീരുമാനപ്രകാരം ആര്‍എംപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്.
ഈ തീരുമാനം അംഗീകരിക്കാന്‍ കെപിസിസി തയാറായില്ല. ഇതോടെയാണ് ആര്‍എംപിഐയുമായി സഹകരിച്ചുള്ള ജനകീയ മുന്നണി സ്ഥാനാര്‍ഥിക്കെതിരേ കോണ്‍ഗ്രസിന്റെ വിമത സ്ഥാനാര്‍ഥി മത്സരിക്കുകയും പാര്‍ട്ടി ചിഹ്നം നല്‍കുകയും ചെയ്തത്.
വിമത സ്ഥാനാര്‍ഥിക്ക് മുല്ലപ്പള്ളി പിന്തുണ നല്‍കിയതിനെതിരേ സ്ഥലം എംപിയായ കെ.മുരളീധരന് രംഗത്തെത്തുകയും യുഡിഎഫിനായി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് പരസ്യമായി പ്രതികരിക്കുകയുമായിരുന്നു.