വോട്ടെണ്ണൽ തുടങ്ങുന്പോഴും കരുക്കൾ നീക്കി കോൺഗ്രസ്. വോട്ടെണ്ണലിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് നേതൃത്വം നൽകുന്നതിനായി നാല് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക നിരീക്ഷകരെ നിയോഗിച്ചു.
രാജസ്ഥാന്, തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെണ്ണല്‍. നാലിടത്തും വിജയം സുനിശ്ചിതമെന്ന് കോൺഗ്രസ് നേതാക്കൾ. ഛത്തീസ്ഗഡ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങൾ കോണ്‍ഗ്രസ് കുത്തകയായിരുന്നു. ആദ്യ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ഛത്തീസ്ഗഡിൽ കോൺഗ്രസ് മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
തെലങ്കാനയിലും മധ്യപ്രദേശിലും പ്രതിപക്ഷത്താണെങ്കിലും, തെലങ്കാനയിൽ കോൺഗ്രസ് മുന്നേറുന്നു.
ഹരിയാനയില്‍ നിന്നുള്ള ഭൂപീന്ദര്‍ സിങ് ഹൂഡ, ഗുജറാത്തില്‍ നിന്നുള്ള മധുസൂധനന് മിസ്ത്രി, ഡല്‍ഹിയില്‍ നിന്നുള്ള മുകുള്‍ വാസ്നിക്, ബിഹാറില്‍ നിന്നുള്ള ഷക്കീല്‍ അഹമ്മദ് ഖാന് എന്നിങ്ങനെ നാല് നിരീക്ഷകരെയാണ് രാജസ്ഥാനിലേക്ക് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ നിയോഗിച്ചിരിക്കുന്നത്.
തെലങ്കാനയിലേക്കുള്ള സംഘത്തിൽ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് കെ മുരളീധരന്, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, ബംഗാളില്‍ നിന്നുള്ള ദീപദാസ് മുന്‍ഷി, കര്‍ണാടകയില്‍ നിന്നുള്ള ഡോ. അജോയ് കുമാര്‍, കെ.ജെ ജോര്‍ജ് എന്നിവരാണുള്ളത്.
മധ്യപ്രദേശിലേക്ക് അധീര്‍ രഞ്ജന്‍ ചൗധരി, പൃഥ്വിരാജ് ചവാന്, രാജീവ് ശുക്ല, ചന്ദ്രകാന്ത് ഹന്ദോര്‍ എന്നിവരും. ഛത്തീസ്ഗഡിലേക്കുള്ള സംഘത്തിലാണ് രമേശ് ചെന്നിത്തലയുള്ളത്. ഡല്‍ഹിയില്‍ നിന്നുള്ള അജയ് മാക്കന്, ഉത്തരാഖണ്ഡില്‍ നിന്നുള്ള പ്രിതം സിങ് എന്നിവരാണ് ചെന്നിത്തലയോടൊപ്പമുള്ളവർ.