കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടര്‍ന്ന് കേന്ദ്രമന്ത്രി വി.മുരളീധരനെതിരേ അണിയറ നീക്കം ശക്തം.
ആര്‍എസ്എസിലെ മുതിര്‍ന്ന നേതാവും മുന്‍പ് എബിവിപി നേതൃനിരയിലുള്ളവരില്‍ ചിലരുമാണ് മുരളീധരനെതിരേ രംഗത്തെത്തിയത്.
തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റ് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് രാജിവയ്ക്കുകയാണെങ്കില്‍ സഹമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ മുരളീധരനും തയാറാവണമെന്ന വാദമാണിവർ ഉന്നയിക്കുന്നത്.
സ്ഥാനാര്‍ഥിനിര്‍ണയ ഘട്ടത്തിലും പ്രചാരണത്തിലുമെല്ലാം സജീവസാന്നിധ്യമായിരുന്ന മുരളീധരനു ബിജെപിക്ക് ഒരു സീറ്റ് നേടിക്കൊടുക്കാനോ ഉള്ളത് സംരക്ഷിക്കാനോ കഴിഞ്ഞില്ലെന്നാണ് ഇവരുടെ ആരോപണം.
തോല്‍വിയുടെ ഉത്തരവാദിത്വം സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് സ്വമേധയാ ഏറ്റെടുത്തിരുന്നു. മുരളീധരൻ ഇതിനു തയാറല്ല.
കഴിഞ്ഞ തവണ കഴക്കൂട്ടത്ത് വി.മുരളീധരന് മത്സരിച്ചപ്പോള്‍ 42,732 വോട്ടുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ശോഭാസുരേന്ദ്രന് 40,193 വോട്ടാണ് ലഭിച്ചത്.
2539 വോട്ടിന്റെ കുറവ് മുരളീധരന്റെ നിസഹകരണംമൂലം സംഭവിച്ചതാണെന്നാണ് ആരോപണം.
സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിന്ന ശോഭാസുരേന്ദ്രന് കേന്ദ്രനേതൃത്വം ഇടപെട്ടാണ് അവസാന നിമിഷം കഴക്കൂട്ടത്ത് സീറ്റ് നല്‍കിയത്.
ശോഭാസുരേന്ദ്രനോട് അടുപ്പമുള്ള ബിജെപി നേതാക്കള്‍ ഇക്കാര്യം ദേശീയ നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും കോവിഡ് ചികിത്സാ രംഗത്തെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടലുകളിലും വിവാദ പ്രസ്താവനകള്‍ നടത്തിയത് വോട്ട്കുറയ്ക്കാന് ഇടയാക്കി.
സംസ്ഥാന പ്രസിഡന്റായി സുരേന്ദ്രനെ തീരുമാനിക്കുന്നതിൽ ചരടുവലിച്ചത് മുരളീധരനായിരുന്നു. ഇരുവരേയും ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ ദിവസം മുന്‍ ആര്‍എസ്എസ് പ്രചാരകന് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.