കണ്ണൂര്‍: തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥി കുപ്പായം സ്വയം തുന്നി തയാറെടുത്തു നിൽക്കുന്നവർക്കിടയിൽ നിന്ന് പാർട്ടി വാഗ്ദാനം ചെയ്ത സ്ഥാനാർഥി കുപ്പായം ഇട്ടെറിഞ്ഞ് ഗൾഫിൽ അഭയം തേടിയ ഒരാളുണ്ട് കണ്ണൂരിൽ.
മൂന്നാം തവണയും മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടപ്പോൾ പ്രവാസ ജീവിതത്തിൽ അഭയം തേടിയ ഇദ്ദേഹത്തിന്റെ പേര് മുരളി വീനസ്. എടക്കാട് ഗ്രാമപഞ്ചായത്തിലെ ചാല വാര്‍ഡിലെ മുൻ മെന്പർ.
ആദ്യ തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിയുടെയും രണ്ടാം തവണ കോണ്‍ഗ്രസ്-എസിന്റെയും സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ച് ജയിച്ചത്. 1995 ലായിരുന്നു കന്നിയങ്കവും വിജയവും. അന്ന് ജനതാദളിലൂടെ ഇടത് മുന്നണിക്ക് വേണ്ടിയായിരുന്നു മത്സരിച്ചത്.
അതിനിടയിൽ പാര്‍ട്ടി പിളരുകയും മുരളീ വിനസ് ഹെഗ്ഡെ നേതൃത്വം നല്കുന്ന ലോക് ശക്തിയിലെത്തുകയും ചെയ്തു. കേരളത്തില്‍ ലോക്ശക്തി യുഡിഎഫിന് പിന്തുണ നല്കിയപ്പോഴും എടക്കാട് പഞ്ചായത്ത് മുരളിയുടെ ഒറ്റവോട്ടിന്റെ ബലത്തിൽ എൽഡിഎഫിന്റെ കൈയിൽ ഭദ്രമായിരുന്നു.
ഒന്ന് മാറ്റി ചിന്തിച്ചിരുന്നെങ്കിൽ ഭരണം യുഡിഎഫിന്റെ കൈകളിലെത്തിക്കുകയും മുരളിക്ക് വേണമെങ്കിൽ പഞ്ചായത്ത് പ്രസിഡന്റുമാകാമായിരുന്നു.
പിന്നീട് ലോക് ശക്തിയോട് സലാം പറഞ്ഞ് എൽഡിഎഫിന്റെ തന്നെ ഘടകകക്ഷിയായ കോൺഗ്രസ്-എസിലെത്തി. 2000 ല്‍ നടന്ന തെരഞ്ഞെടുപ്പിൽ എടക്കാട് നാലാം വാര്‍ഡില്‍ നിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിക്കുകയും ചെയ്തു.
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റിലായിരുന്നു രണ്ടാമങ്കത്തിലെ വിജയം. 2005 ലെ തെരഞ്ഞെടുപ്പിലും മുരളിയെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ്-എസ് തീരുമാനിച്ചെങ്കിലും മുരളി തയാറായില്ല.
പാർട്ടിയുടെയും മുന്നണിയുടെയും നിർബന്ധം ഏറിയപ്പോൾ ആരെയും അറിയിക്കാതെ മുങ്ങി. പിന്നീട് പൊങ്ങിയത് ഗൾഫിലെ ജുമൈറയിലാണ്.
പെയിന്റിംഗ് തൊഴിലാളിയായിരുന്ന മുരളിക്ക് പഞ്ചായത്ത് അംഗമായതോടെ പൊതുപ്രവർത്തനത്തിൽ നിന്നും മാറി നിൽക്കാനാകാത്തതു കാരണം ജോലിക്ക് പോകാൻ പോലും കഴിഞ്ഞിരുന്നില്ല. കൂടാതെ വായ്പ എടുത്ത കടത്തിന്റെ കണക്കും പെരുകിയിരുന്നു.
ഒടുവില്‍ വലിയ തുകയുടെ കടക്കാരനുമായി. ഇനിയും നാട്ടില്‍ നിന്നാല്‍ വീടും സ്ഥലവും കൂടി നഷ്ടപ്പെടുമെന്ന അവസ്ഥയായപ്പോഴാണ് ഗൾഫിലേക്ക് കടന്നതെന്ന് മുരളി പറഞ്ഞു.
കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ജുമൈറയില്‍ വില്ലകളുടെ കെയര്‍ടേക്കര്‍ ജോലി ചെയ്യുകയാണ് മുരളി. ഇവിടെയും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹ്യ സേവനങ്ങളിലും സജീവമാണ്.
ഗള്‍ഫില്‍ പോയപ്പോള്‍ കടം വീട്ടാനായോ എന്നു ചോദിച്ചാല്‍ അന്നത്തെ കടം വീട്ടിയപ്പോള്‍ പുതിയ കടങ്ങള്‍ ഉണ്ടായെന്നാണ് മുരളിയുടെ മറുപടി