മുക്കം: ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മില്‍ തല്ലുന്നവര്‍ക്ക് കണ്ടു പഠിക്കാവുന്ന ഒരു മാതൃകയാണ് കോഴിക്കോട് മുക്കത്തു നിന്നും പുറത്തു വരുന്നത്. കാഴചശക്തിയില്ലാത്ത മൂസ മുസ്ല്യാരെ ദിവസവും അഞ്ചു നേരം പള്ളിയില്‍ കൊണ്ടു പോകുന്നത് മുരളിയെന്ന ഹിന്ദു യുവാവാണ്. മുസ്ലിം പണ്ഡിതനും കണിയാര്‍ കണ്ടം ജുമുഅത്ത് പാലയ്ക്കല്‍ പി. മൂസ മുസ്ല്യാര്‍ക്ക് പ്രമേഹം ബാധിച്ചതിനെത്തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് കാഴ്ചശക്തി നഷ്ടമാകുന്നത്. പരസഹായം കൂടാതെ നടക്കാനോ ആളുകളെ തിരിച്ചറിയാനോ കഴിവില്ല. എല്ലാ വഖ്ത് നിസ്കാരത്തിലും പങ്കെടുക്കണമെന്നുള്ളത് മുസ്ല്യാര്‍ക്ക് ചെറുപ്പം മുതലുള്ള നിര്‍ബന്ധമാണ്. ഇതിനായി മുസ്ല്യാരെ സഹായിക്കുന്നത് മുരളി എന്ന യുവാവാണ്. മുരളി മുസ്ല്യാരെ കൈയില്‍ പിടിച്ച് പള്ളിയിലേക്കു കൊണ്ടു പോകുന്നതും തിരികെ വീട്ടിലെത്തിക്കുന്നതും കണിയാര്‍ കണ്ടം അങ്ങാടിയിലെ പതിവ് കാഴ്ചയാണ്. അങ്ങാടിയിലെ ഒരു കടമുറിയില്‍ ബെഡ് നിര്‍മാണവുമായി കഴിയുന്ന മുരളിയുടെ പ്രവൃത്തിയെ അനേകം പേര്‍ അഭിനന്ദിക്കുന്നുണ്ട്.
പള്ളിയില്‍ നി്ന്ന് ബാങ്ക് വിളി ഉയര്‍ന്നാല്‍ ഉടന്‍ തന്നെ മുരളി മുസ്ല്യാരുടെ ഗേറ്റിലെത്തും. ഇതിനാല്‍ തന്നെ ഇക്കാര്യത്തിനായി മറ്റൊരാളെ ആശ്രയിക്കേണ്ട ആവശ്യം മുസ്ല്യാര്‍ക്കുണ്ടായിട്ടില്ല. മൂസ മുസ്ല്യാരെ പള്ളിയിലേക്ക് കൈപിടിച്ചു കൊണ്ടു പോകുന്നത് തന്റെ അവകാശമായാണ് മുരളി കാണുന്നത്. അഥവാ മുരളി എവിടെയെങ്കിലും പോയിരിക്കുകയാണെങ്കില്‍ ബാങ്കുവിളിയുടെ സമയമാകുമ്പോഴേക്കും മൂസ മുസ്ല്യാരുടെ വീട്ടിലേക്ക് പാഞ്ഞിരിക്കും.മത-ജാതി ഭേദങ്ങളില്ലാത്ത ഇത്തരം നന്മകള്‍ പ്രചരിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.