ഏറെ വിവാദങ്ങള്‍ക്കും നാടകീയ സംഭവവികാസങ്ങള്‍ക്കുമൊടുവില്‍ ദിലീപ് നായകനാവുന്ന രാമലീല ഈ വരുന്ന 28ന് തിയറ്ററുകളിലെത്തുകയാണ്. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ജയിലിലായതുകൊണ്ട് ഈ ചിത്രം കാണരുതെന്ന് വലിയ പ്രചരണമാണ് പലയിടങ്ങളിലായി നടക്കുന്നത്. ഈ വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കുകയാണ് നടനും സംവിധായകനുമായ മുരളി ഗോപി. ഫേസ്ബുക്കിലൂടെയാണ് തനിക്ക് പറയാനുള്ളത് മുരളി ഗോപി വ്യക്തമാക്കിയിരിക്കുന്നത്.
നടന്‍ മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
‘രാമലീല’ എന്ന, റിലീസ് ചെയ്യാനിരിക്കുന്ന, ഒരു സിനിമയുടെ പേരിലാണ് ഈ പോസ്റ്റ്. ഇതിലെ മുഖ്യ കഥാപാത്രമായി അഭിനയിക്കുന്ന നടന്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുകയാണ്. ആ കാരണവും പറഞ്ഞ് ഈ സിനിമയ്ക്കെതിരായി നിലകൊള്ളുകയും, ഇത് ബഹിഷ്‌ക്കരിക്കണമെന്ന് ആജ്ഞാപിക്കുകയും ഇത് പ്രദര്‍ശിപ്പിക്കുന്ന കൊട്ടകകളെ വരെ ചുട്ട് ചാമ്പലാക്കണമെന്ന് പൊതുജനത്തോട് ആഹ്വാനം നടത്തുകയും ചെയ്യാന്‍ തക്കവണ്ണം മൂത്തിരിക്കുന്നു ഇവിടത്തെ ചങ്ങലക്കിടാത്ത ‘സാംസ്‌കാരികവും സദാചാരപരവുമായ’ ഭ്രാന്ത്.
ആരോപിതന്‍ അഴികള്‍ക്കുള്ളിലാണ്. നിയമം കൃത്യമായി അതിന്റെ ജോലിയും ചെയ്യുന്നു. പക്ഷെ, അത് മാത്രം പോരാ, ഇക്കൂട്ടര്‍ക്ക്. അതിന്റെ പേരില്‍ കഴിയുന്നത്ര പേരെ നശിപ്പിക്കണം. കഴിയുന്നത്ര ജീവിതങ്ങള്‍ താറുമാറാകണം. ഒരുപാട് പേര് കരയണം. അതാണ് ഉദ്ദേശം.
ആ ഉദ്ദേശം ജനിക്കുന്നത് സമൂഹത്തോടുള്ള കടപ്പാടില്‍ നിന്നോ, നന്മ പുലരണം എന്ന കര്‍മ്മ ബോധത്തില്‍ നിന്നോ അല്ല, മറിച്ച്, ക്രൂരതയില്‍ ആനന്ദം അനുഭവിക്കുന്ന വാസനാവൈകൃതത്തില്‍ നിന്നാണ്. ഇംഗ്ലീഷില്‍ ഇതിനെ സാഡിസം എന്ന് പറയും.
ആറ്റുനോറ്റ് ആദ്യ സിനിമ ചെയ്യുന്ന ഒരു സംവിധായകന്‍ ഉണ്ട് ഈ സിനിമയ്ക്ക്. ആ ഒരു കാരണം മതി ഈ സിനിമയെ താങ്ങി സംസാരിക്കാന്‍. സിനിമ നടന്റെ കലയല്ല മറിച്ച് സംവിധായകന്റെ കലയാണ് എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞ്, നടന്മാരെ സദാസമയവും ഇകഴ്ത്താന്‍ ശ്രമിക്കുന്നവരാണ് ഇത്തരം അസുര ആഹ്വാനങ്ങള്‍ നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
ഈ സിനിമ കാണണമോ കാണണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഈ നാട്ടിലെ ഓരോ പൗരന്റെയും സ്വാതന്ത്ര്യവും ഇഷ്ടവുമാണ്. ‘ഇത് എന്ത് വന്നാലും കാണരുത്; കാണാന്‍ ശ്രമിച്ചാല്‍ കാണിക്കില്ല’, എന്ന് നിങ്ങളോടു പറയുന്ന ഒരു സുഹൃത്തുണ്ടെങ്കില്‍, അയാളെ വെറുക്കാതെ, അയാളുടെ അടുത്ത് ചെന്ന് ചെവിയില്‍ മന്ത്രിക്കുക: ‘നീ ഇപ്പോള്‍ പറഞ്ഞതാണ് യഥാര്‍ത്ഥ ഫാസിസം. ഇതാണ് യഥാര്‍ത്ഥ വിധ്വംസക പ്രവര്‍ത്തനം. ഇതാണ് ഒരു ജനാധിപത്യ രാഷ്ട്രത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ കടുംകൈ.’
ഒരു സഹപാഠി ഒരിക്കല്‍ പറഞ്ഞ ഒരു വരി ഈ അവസരത്തില്‍ ഓര്‍ക്കുന്നു: ‘Ninetynine per cent of the moral pronouncements that we hear around us, is nothing but pure jealousy dressed up as moral outrage’. (നമുക്ക് ചുറ്റും കേള്‍ക്കുന്ന സദാചാര/ധാര്‍മ്മിക പ്രഖ്യാപനങ്ങളില്‍ 99 ശതമാനവും ഉത്ഭവിക്കുന്നത് ശുദ്ധമായ അസൂയയില്‍ നിന്നാണ്”).
പ്രിയ ദേശമേ, ഇരയോടൊപ്പം നില്‍ക്കുക. കുറ്റത്തെ അപലപിക്കുക. കുറ്റവാളിയെ കണ്ടെത്തിയാല്‍ ശിക്ഷിക്കുക. കലയെ വെറുതേ വിടുക. കളങ്കിതരല്ലാത്തവരെ ദ്രോഹിക്കാതിരിക്കുക. മുഴുവിപ്പിച്ച ഒരു വിഭവം ആണ് ‘രാമലീല’ എന്നത് കൊണ്ടാണ്, അതുകൊണ്ട് മാത്രമാണ്, ഇത്രയും പറഞ്ഞത്. ‘കമ്മാരസംഭവം’ എന്ന, പ്രസ്തുത നടന്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച, പാതിവഴിയായ, സിനിമ എഴുതിയത് കൊണ്ടാണ് ഈയുള്ളവന്‍ ഇങ്ങനെ പറയുന്നത്… എന്ന് കരുതുന്നവര്‍ ഉണ്ടെങ്കില്‍, അവര്‍ക്ക് നല്‍കാന്‍ ഒരു പുഞ്ചിരി മാത്രമേ എന്റെ പക്കല്‍ ഉള്ളൂ. എന്നെയും എന്റെ നിലപാടുകളെയും നല്ലതുപോലെ അറിയുന്നവര്‍… അങ്ങിനെ കരുതുകയും ഇല്ല. കരുതിയാലും…സഹിച്ചിരിക്കുന്നു.