ലൂസിഫര്‍ എന്ന സിനിമയില്‍ പറഞ്ഞ ഡ്രഗ് ഫണ്ടിങ് സംഭവിച്ചു കഴിഞ്ഞെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.
2018ല്‍ ലൂസിഫറിന് തിരക്കഥയൊരുക്കുമ്പോള്‍ ഇങ്ങനെയൊരു അവസ്ഥ മുന്‍കൂട്ടി കണ്ടില്ലെന്നും മയക്കുമരുന്ന് എന്ന ഡെമോക്ലസിന്റെ വാള് ഇത്രപെട്ടന്ന് ഒരു ജനതയ്ക്കുമേല്‍ പതിക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മുരളി ഗോപിയുടെ കുറിപ്പ് ഇങ്ങനെ…2018ഇല് ‘ലൂസിഫര്‍’ എഴുതുമ്പോള്‍, അതില്‍ പ്രതിപാദിച്ച ഡ്രഗ്ഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാള്, 5 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ന്,അവസാന ഇഴയും അറ്റ്, ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പതനവേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. സമഗ്രമായ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ എത്ര തന്നെ പൊതു ഉത്ബോധനം നടത്തിയാലും, മുന്‍ വാതില്‍ അടച്ചിട്ട് പിന് വാതില്‍ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത മാരക രാസങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യും
കുറിപ്പിനൊപ്പം ലൂസിഫറിലെ മോഹന്‍ലാലിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി 2019ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമാണ്.
ചിത്രം ഈയിടെ ഗോഡ്ഫാദര് എന്ന പേരില്‍ തെലുങ്കിലേക്കും റീമേക്ക് ചെയ്തിരുന്നു. നിലവില്‍ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന് എന്ന പേരില്‍ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പുലാണ് പൃഥ്വിരാജും മുരളി ഗോപിയും.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വലിയ മുടക്കുമുതലില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്ലാലിനേക്കൂടാതെ വന്താരനിരയാകും എത്തുക. 2023 ലാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുക.