സിനിമാതാരങ്ങളുടെയും മറ്റ് സെലിബ്രിറ്റികളുടെയും ഓരോ വാക്കുകളും പൊതുസമൂഹം ശ്രദ്ധിക്കുകയും അതവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വളരെ ശക്തമായ രീതിയില്‍ തന്നെ പ്രതികരിക്കുകയും ചെയ്യുമെന്നതിന് ഉത്തമ ഉദാഹരണമാണ് നടി പാര്‍വതിയുടെ നിലവിലെ അനുഭവങ്ങള്‍. സഹപ്രവര്‍ത്തകര്‍ കൂടിയായ മറ്റൊരു സിനിമയുടെ അണിയറ പ്രവര്‍ത്തകരെ കുറ്റപ്പെടുത്തി സംസാരിച്ചതാണ് പാര്‍വതിയ്ക്കെതിരെ ജനരോഷം ഉയരാന്‍ കാരണമായത്.
അത് പിന്നീട് സാധാരണക്കാരും സെലിബ്രിറ്റികളും അടക്കമുള്ളവര്‍ ഏറ്റുപിടിച്ച് വഷളാവുകയായിരുന്നു. നിരവധി ആളുകള്‍ പാര്‍വതിയ്ക്ക് അനുകൂലമായി സംസാരിച്ചുകൊണ്ട് രംഗത്തെത്തിയെങ്കിലും ട്രോളുകളുടെയും ആന്റി ഫെമിനിസ്റ്റുകളുടെയും അടുത്ത് പിടിച്ച് നില്ക്കാന് സാധിച്ചില്ല. ഇപ്പോഴിതാ സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമായ മുരളി ഗോപി പാര്‍വതിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു മുരളി ഗോപിയുടെ പ്രതികരണം.
മുരളിഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വ്വതി. അവര്‍ ഒരു അഭിപ്രായം (അത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ) പറഞ്ഞതിന്റെ പേരില്‍ അവര്‍ പങ്കുകൊള്ളുന്ന സിനിമകള്‍ക്ക് നേരെ പടനീക്കം നടത്തുക എന്നത് തികച്ചും നിരാശാജനകമാണ്. ഒരുപാട് പേരുടെ പ്രയത്നമാണ് ഒരു സിനിമ. അഭിപ്രായങ്ങളെ അഭിപ്രായങ്ങള്‍ കൊണ്ടോ മൗനം കൊണ്ടോ നേരിടാം. അസഭ്യം കൊണ്ടും ആയുധം കൊണ്ടും നേരിട്ടാല്‍…ഓര്‍മ്മയാകുന്നത് ഔചിത്യവും മര്യാദയും ആയിരിക്കും.