മുരിങ്ങൂർ: സ്റ്റേജിലെ കലാകാരൻ പാട്ടും മിമിക്രിയുമായി വർക്ക് ഷോപ്പിൽ ജോലിത്തിരക്കിലാണ്.
മേലൂർ കരുവാപ്പടി സ്വദേശി മുരളിയാണ് (43) ഈ കലാകാരൻ.മുരിങ്ങൂരിലെ വർക്ക് ഷോപ്പ് റോഡിലുള്ള സ്വന്തം ടൂവീലർ വർക്ക്ഷോപ്പിലാണ് മുരളിക്ക് ഇഷ്ടപ്പെട്ട കലാഭവൻ മണിയുടെ പാട്ടുകൾ പാടി കൊണ്ട് വാഹനങ്ങളുടെ തകരാർ പരിഹരിക്കുന്ന ജോലി ചെയ്യുന്നത്.
പതിനെട്ട് വർഷം മുൻപ് മുതൽ കലാരംഗത്ത് ഉണ്ടെങ്കിലും പതിനഞ്ച് വർഷങ്ങളായി ആത്മാർത്ഥതയോടെ ഈ മേഖലയിൽ ഉണ്ടെന്ന് മുരളി പറഞ്ഞു.
നിരവധിയായ സ്റ്റേജ് പ്രോഗ്രാമുകളിൽ പാട്ട്, മിമിക്രി, വി.എസ്. അച്യുതാനന്ദൻ, ആമിനത്താത്ത തുടങ്ങിയവരുടെ ഫിഗർഷോ ചെയ്ത് ജനങ്ങളെ കയ്യിലെടുക്കാൻ കഴിവുള്ള ഈ കലാകാരന് സിനിമയിലെ സുനിൽ സുഖദ, ലാലു അലക്സ് എന്നിവരുടെ ശബ്ദം അവരുടെ സാനിദ്ധ്യത്തിൽ അനുകരിച്ചു കാണിക്കാനും അവസരം ലഭിക്കുകയും താരങ്ങൾ അഭിനന്ദനങ്ങൾ അറിയിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്നും മുരളി പറഞ്ഞു.
കോവിഡ് മഹാമാരി വന്നതോടെ സ്റ്റേജ് പ്രോഗ്രാമുകൾ ഇല്ലാതായ സാഹചര്യത്തിൽ വീണ്ടും വർക്ക് ഷോപ്പിലേക്ക് ഇറങ്ങുകയായിരുന്നു.
കാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധിയായ റോഡ് ഷോ നടത്തി തുക കണ്ടെത്തിയിട്ടുണ്ട്. തുടർന്നും ഈ രീതിയിൽ സഹായം ആവശ്യപ്പെട്ടുന്നവർക്ക് ഒപ്പം താൻ ഉണ്ടാകുമെന്ന് മുരളി പറഞ്ഞു.
“സ്റ്റേജ് പരിപാടികൾ ഇല്ലെങ്കിലും ജീവിക്കണ്ടേ’വർക്ക് ഷോപ്പ് ഇപ്പോഴത്തെ സാഹചര്യത്തിൽ സഹായകമായെന്നും ഈ കലാകാരൻ പറയുന്നു.
ഭാര്യ ബിന്ധ്യയും , മക്കളായ അനുലക്ഷ്മി, ഹരികൃഷ്ണ എന്നിവർ അടങ്ങുന്നതാണ് മുരളിയുടെ കുടുംബം.