കോട്ടയം: രാജ്യാന്തര മലയാളി ബാസ്കറ്റ്ബോൾ താരം മുരളി കൃഷ്ണ വിരമിച്ചു. നാൽപ്പത്തൊന്നുകാരനായ മുരളി ഒഎൻജിസി താരമായിരിക്കെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ആറടി എട്ട് ഇഞ്ചുകാരനായ മുരളി ഇന്ത്യക്കായി ആറ് വർഷം ജഴ്സി അണിഞ്ഞിരുന്നു.
ഒഎൻജിസിക്കൊപ്പം എട്ട് തവണ ഫെഡറേഷൻ കപ്പ് സ്വർണം സ്വന്തമാക്കി. സായ് കോഴിക്കോടിനൊപ്പമാണ് മുരളി ബാസ്കറ്റ്ബോൾകോർട്ടിൽ സജീവമായത്. 2002ൽ ലുഥിയാന ദേശീയ ഗെയിംസിൽ കേരള ജഴ്സി അണിഞ്ഞു. 2003ൽ ടിസ്കൊ ജംഷഡ്പുരിൽ ചേർന്ന താരം പിന്നീട് ഒഎൻജിസിയിലേക്ക് കൂടുമാറി.
കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിനിടെ മുരളി രക്ഷാപ്രവർത്തന രംഗത്ത് സജീവമായിരുന്നു. സതേണ്‍ റെയിൽവേയുടെ എറണാകുളം ഡിവിഷനിൽ ജോലി ചെയ്യുന്ന മുൻ ബാസ്കറ്റ്ബോൾ താരം ബിൻസിയാണ് ഭാര്യ.