തൃശൂര്‍: സമയ സര്‍ഗസംഗമം സംഘടനയുടെ നേതൃത്വത്തില്‍ പുല്ലാങ്കുഴല്‍ വാദകന്‍ മുരളി നാരായണന് ഗിന്നസ് റിക്കാർഡ് ഭേദിക്കുന്നതിന് 108 മണിക്കൂര്‍ പുല്ലാങ്കുഴല്‍ വായിക്കും. ഇന്നുരാത്രി ഏഴിനു തുടങ്ങുന്ന “സംഗീത മഹായാനം’ 108 മണിക്കൂര്‍ പിന്നിട്ട് 28നു വൈകുന്നേരം അവസാനിപ്പിക്കുകയാണ് ലക്ഷ്യം.
തേക്കിന്‍കാട് മൈതാനം തെക്കേഗോപുരനടയിലാണ് ഗിന്നസ് റിക്കാർഡ് പരിശ്രമം. നേരത്തെ 27 മണിക്കൂര്‍ തുടര്‍ച്ചയായി വായിച്ച് ഗിന്നസ് ബഹുമതി നേടിയിരുന്നു ഇദ്ദേഹം. ഗിന്നസ് ശ്രമത്തിനോടു ചേര്‍ന്നു നടത്തുന്ന കലാപരിപാടികളില്‍ കലാമണ്ഡലം ഗോപി, മഞ്ജു വാര്യര്‍, ജയറാം, പാര്‍വതി ജയറാം, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവര്‍ പങ്കെടുക്കും.
ഇന്നു വൈകുന്നേരം അഞ്ചിനു മേളപ്രമാണി പെരുവനം കുട്ടന്മാരാര്, അര്‍ജുന പുരസ്കാര ജേതാവ് ഐ.എം. വിജയന് എന്നിവര്‍ ഉദ്ഘാടനം ചെയ്യും. ടി.എന്‍. പ്രതാപന് എംപി, ഗീത ഗോപി എംഎല്‍എ തുടങ്ങിയവര്‍ മുഖ്യാതിഥികളാവും. മേയര്‍ അജിത വിജയന് അധ്യക്ഷയാവും.
പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ എ.പി. സുമ, ഫിനാന്‍സ് കമ്മിറ്റി ചെയര്മാന് ബിന്നി ഇമ്മട്ടി, കണ്‍വീനര്‍ അബ്ദുള്‍ ഗഫൂര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഭവദാസ് മാരാര്‍, മനോമോഹനന്‍ എന്നിവര്‍ പങ്കെടുത്തു.