മാപ്രാണം: ഒരു കോടിയുടെ സംസ്ഥാന കാരുണ്യ പ്ലസ് ഭാഗ്യക്കുറി സൗഭാഗ്യം വിഷുക്കൈനീട്ടമായി മാപ്രാണത്തെ മുരളിക്ക്. ഏപ്രിൽ ആറിലെ നറുക്കെടുപ്പ് ഹർത്താൽ മൂലം മാറ്റിവച്ച് പിറ്റേന്നു നടത്തിയപ്പോൾ കൊപ്രക്കളം തൊഴിലാളിയായ മാലാന്ത്ര വീട്ടിൽ എം.കെ. മുരളീധരൻ കോടിപതിയായി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രണ്ടാം തവണയാണ് മാപ്രാണം സെന്ററിലെ സെവൻസ്റ്റാർ ലോട്ടറി ഏജൻസിയിൽ ഒരു കോടിയുടെ ഭാഗ്യം പിറന്നത്.
വർഷങ്ങളായി കാട്ടൂരിലും മാപ്രാണത്തും കൊപ്രക്കളത്തിൽ ജോലിക്കു പോകുന്ന മുരളി സ്വരുക്കൂട്ടിയ തുകകൊണ്ട് വീടുവച്ചത് ഒരു ഹാളും അടുക്കളയുമായി അവസാനിക്കുകയായിരുന്നു. തറയുടെ ബാക്കി ഭാഗം പൂർത്തീകരിക്കാൻ സഹകരണ ബാങ്കിൽ ലോണിനപേക്ഷിച്ചിരിക്കുന്പോഴാണ് ഭാഗ്യം തേടിയെത്തിയത്. അംബികയാണ് മുരളിയുടെ ഭാര്യ. മകൻ: രാഹുൽ.