പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിൽ സുരേഷ് ഗോപി ചെയ്ത ഡോ. ഗോപൻ എന്ന കഥാപാത്രമായി ആദ്യം തീരുമാനിച്ചത് മുരളിയെ. മുരളിയെ ഈ കഥാപാത്രമാക്കിയുള്ള രംഗങ്ങൾ സംവിധായകൻ ഫാസിൽ ഷൂട്ട് ചെയ്യുകയും ചെയ്തു.
എന്നാൽ അതേസമയം തന്നെ നടന്നുകൊണ്ടിരുന്ന മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനിടെ മുരളിക്കു പരിക്കു പറ്റുകയും പപ്പയുടെ സ്വന്തം അപ്പൂസിൽ നിന്നു മുരളി പിന്മാറുകയുമായിരുന്നു. മുരളിയുടെ 11-ാം ചരമവാർഷികത്തിൽ ഗോപാലകൃഷ്ണൻ എന്ന സിനിമാപ്രേമിയാണ് ഈ വിവരം പ്രേക്ഷകരുമായി പങ്കുവച്ചത്.
പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് സിബി മലയിലിന്റെ വളയം എന്ന ചിത്രത്തിലും മുരളി അഭിനയിക്കുന്നുണ്ടായിരുന്നു. ഈ ചിത്രത്തിലെ ഒരു സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ മുരളിക്കു പരിക്കു പറ്റി.
ഇതോടെ മുരളിക്കു കുറച്ചു നാൾ വിശ്രമം വേണ്ടി വന്നു. ഇതോടെ അപ്പൂസിൽ തുടർന്ന് അഭിനയിക്കാൻ മുരളിക്കു കഴിയാതെ വന്നു. മുരളിയെ വച്ച് ഒരു രംഗം മാത്രമേ ഫാസിൽ ഷൂട്ട് ചെയ്തിരുന്നുള്ളു.
ആ വേഷം വെറെ ആരെക്കൊണ്ടെങ്കിലും ചെയ്യിക്കൂ എന്ന മുരളിയുടെ അഭ്യർഥനപ്രകാരം ഫാസിൽ അതു സുരേഷ് ഗോപിക്കു നൽകുകയായിരുന്നു. അങ്ങനെയാണ് അപ്പൂസിന്റെ ഡോ. ഗോപനായി സുരേഷ് ഗോപി എത്തുന്നത്.
-പി.ജി