ഒരു പെണ്‍കുട്ടി ഇഷ്ടമല്ലെന്ന് പറഞ്ഞാല്‍ അത് കേട്ട് മാറിപ്പോകാനുള്ള സാമാന്യബോധം നമുക്കില്ല! നോ എന്ന് പറഞ്ഞാല്‍ നോ എന്നുതന്നെ മനസിലാക്കാന്‍ കുട്ടികളെ പഠിപ്പിക്കണം; മുരളി തുമ്മാരുകുടി പറയുന്നു

അടുത്തിടെ തുടര്‍ച്ചയായി വാര്‍ത്തയാവുന്ന ഒന്നാണ്, ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയോട് ഇഷ്ടം തുറന്ന് പറഞ്ഞു കഴിഞ്ഞ് അവള്‍ താത്പര്യമില്ല എന്ന് പറയുമ്പോള്‍ അല്ലെങ്കില്‍ ഇഷ്ടപ്പെട്ട പെണ്‍കുട്ടി മറ്റൊരാളോട് സംസാരിക്കുകയോ പോലും ചെയ്യുന്നത് സഹിക്കാനാവാതെ പെണ്‍കുട്ടിയെ ആക്രമിക്കാന്‍ തയാറെടുക്കുന്ന ഒരുകൂട്ടം.

എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. സ്‌നേഹം കൂടിയതുകൊണ്ട് അതുവരെ സ്‌നേഹിച്ചിരുന്ന വ്യക്തിയെ ഇല്ലാതാക്കാനും ശാരീരികമായി ആക്രമിക്കാനും ശ്രമിക്കുന്ന പ്രവണത. സ്‌നേഹവുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ കൂടി വരികയാണ്. കൊച്ചുകേരളത്തില്‍ പോലും എല്ലാ വര്‍ഷവും അത് സംഭവിക്കുന്നുമുണ്ട്. സമൂഹത്തിന് വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഈയൊരു പ്രവണതയെക്കുറിച്ച് യുഎന്നിന്റെ ദുരന്തനിവാരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടി ചില കാര്യങ്ങള്‍ സമൂഹത്തെ ഓര്‍മപ്പെടുത്തുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ..

സ്നേഹം കൊണ്ട് കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും…

സ്നേഹം എന്ന വികാരം കൊലപാതകത്തോടോ അക്രമത്തോടോ ചേര്‍ത്തു വെക്കപ്പെടേണ്ട ഒന്നല്ല. എന്നാല്‍ കേരളത്തില്‍ ഓരോ വര്‍ഷവും സ്നേഹവുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ നടക്കുന്നു. അത് കൂടിവരികയാണോ എന്നറിയാനുള്ള ഗവേഷണം ഞാന്‍ നടത്തിയിട്ടില്ല, എന്തായാലും നമ്മെ നടുക്കുന്ന സംഭവങ്ങള്‍ എല്ലാ വര്‍ഷവും ഉണ്ടാകുന്നുണ്ട്.

സ്നേഹിച്ച പെണ്‍കുട്ടിയെ കല്യാണം കഴിച്ചതുകൊണ്ട് കൊല്ലപ്പെട്ട കെവിന്റെ കഥയാണ് ഒരുദാഹരണം. സ്നേഹിച്ചിരുന്ന പെണ്‍കുട്ടിയെ പെട്രോളൊഴിച്ചു കൊലപ്പെടുത്തിയ ആദര്‍ശിന്റെ കഥ മറ്റൊന്ന്.

ഈ ആഴ്ചയില്‍ തന്നെ ഇത്തരം സംഭവങ്ങള്‍ രണ്ടുണ്ടായി. എറണാകുളത്ത് മുന്‍ കാമുകിയെ കാണാന്‍ രാത്രിയില്‍ എത്തിയ ആളെ പെണ്‍കുട്ടിയുടെ ഭര്‍ത്താവും ബന്ധുക്കളും കൂടി കൊലപ്പെടുത്തിയത് ഒരു സംഭവം. ഇന്ന് രാവിലെ സ്നേഹിച്ചിരുന്ന പെണ്‍കുട്ടിയെ കുത്തിവീഴ്ത്തി പെട്രോളൊഴിച്ചു കത്തിക്കാന്‍ ശ്രമിച്ചത് അടുത്തത്.

നമ്മുടെ സ്നേഹത്തിന് മാത്രം ഇതെന്ത് പറ്റി?

പല പ്രശ്നങ്ങളാണ് ഇക്കാര്യത്തില്‍ നമ്മെ നയിക്കുന്നത്. ഒന്നാമത് ഇന്ത്യന്‍ സിനിമകള്‍ കണ്ടു വളരുന്ന നമുക്ക് ഒരു പെണ്‍കുട്ടി ‘ഇഷ്ടമില്ല’ എന്ന് പറഞ്ഞാല്‍ അത് കേട്ട് മാറിപ്പോകാനുള്ള സാമാന്യബോധമില്ല. കാരണം ‘ഒന്നുകില്‍ വെറുത്തു വെറുത്ത് വെറുപ്പിന്റെ അവസാനം കുട്ടിശ്ശങ്കരനെ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി’ അല്ലെങ്കില്‍ തട്ടിക്കൊണ്ടു പോയാലും ‘ചിലപ്പോഴെല്ലാം രാവണനെ ഇഷ്ടപ്പെടുന്ന’ പെണ്‍കുട്ടി, ഇവരൊക്കെയാണ് നമ്മുടെ മുന്നിലുള്ള മാതൃകാ സങ്കല്പങ്ങള്‍. ‘No means NO’ എന്ന് നമ്മുടെ കുട്ടികളെ ആരും പറഞ്ഞു പഠിപ്പിക്കുന്നില്ല. അതുകൊണ്ടാണ് NOയുടെ പുറകെ ആളുകള്‍ പെട്രോളുമായി പോകുന്നത്. ഇത് അവസാനിപ്പിച്ചേ തീരു. പ്രേമത്തിനോ പ്രേമത്തിനുള്ളിലെ ശാരീരിക ബന്ധത്തിനോ വേണ്ട എന്ന് പറഞ്ഞാല്‍ വേണ്ട. അത്ര തന്നെ! അതിനപ്പുറം പോകുന്നത് കുഴപ്പത്തിലേക്കേ നയിക്കൂ എന്ന് ആളുകള്‍ ഉറപ്പായും മനസ്സിലാക്കണം.

‘സ്നേഹമാണഖിലസാരമൂഴിയില്‍’ എന്ന് പാടിയ നാടല്ലേ. ഇവിടെ സ്നേഹത്തിന്റെ പേരില്‍ ചോര വീഴുന്നത് ശരിയല്ല.

Related posts