തലശേരി: കേരളത്തിൽ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകാനാണ് പിണറായി വിജയൻ നിർബന്ധം പിടിക്കുന്നതെന്നും സി.ഒ.ടി. നസീറിനെ മാത്രമല്ല തന്നെയും സിപിഎമ്മുകാർ ചൊക്ലിയിൽ വച്ച് അക്രമിച്ചിട്ടുണ്ടെന്നും നിയുക്ത എംപി കെ. മുരളീധരൻ. സി.ഒ.ടി. നസീർ വധശ്രമക്കേസിൽ എ.എൻ. ഷംസീർ എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി നടത്തു ന്ന ഉപവാസ സമരം പഴയ ബസ് സ്റ്റാൻഡിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ സംരക്ഷണം പറയുന്ന സിപിഎം നോമ്പുതുറ കഴിഞ്ഞുവരുന്ന നസീറിനെയാണ് അക്രമിച്ചത്. സി.ഒ.ടി.നസീർ കേസിൽ കുറ്റം ചെയ്തവരെ കണ്ടെത്തി. പക്ഷെ പണി നടത്താൻ നിർദേശിച്ച മേസ്തിരിയെ കിട്ടിയില്ലെന്നാണ് പോലീസ് പറയുന്നത്. മേസ്തിരിയെ കണ്ടെത്താൻ പോലീസ് തയ്യാറാവണം. നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിച്ച് സംസാരിക്കുമ്പോൾ പാറക്കൽ അബ്ദുള്ള എംഎൽഎ പല തവണ എ.എൻ.ഷംസീറിന്റെ പേര് പറഞ്ഞിരുന്നു.
എന്നാൽ ആ സമയത്തൊന്നും എനിക്കിതിൽ പങ്കില്ലെന്ന് പറയാൻ ഷംസീർ തയ്യാറായില്ല.ഇത് സംശയത്തിന് ഇടനൽകുന്നതാണ്. ഓൺ ചെയ്ത മൈക്കിന് മുന്നിൽ എഴുന്നേറ്റ നിന്ന് സംസാരിച്ചാൽ മാത്രമെ അത് നിയമസഭയിൽ രേഖയായി മാറുകയുള്ളൂ. അല്ലാതെ ഓഫ് ചെയ്ത മൈക്കിന് മുന്നിൽ ഇരുന്ന് സംസാരിക്കുന്നത് രേഖകളിൽ ഉണ്ടാവില്ലെന്നും മുരളീധരൻ പറഞ്ഞു.
സജീവ് മാറോളി അധ്യക്ഷത വഹിച്ചു. വി.എ നാരായണൻ, കെ.സുരേന്ദ്രൻ, സുമ ബാലകൃഷണൻ, എം.പി. അരവിന്ദാക്ഷൻ, വി.രാധാകൃഷണൻ, എന്നിവർ പ്രസംഗിച്ചു.