പത്തനാപുരം: മനുഷ്യനില്‍ നഷ്ടമാകുന്നത് ജീവിത മൂല്യങ്ങള്‍ അനുഭവങ്ങളിലൂടെ തിരിച്ച് പിടിക്കണമെന്ന് വി. മുരളീധരന് എംപി. പത്തനാപുരം ഗാന്ധിഭവന് സ്നേഹമന്ദിര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മികച്ച ജീവകാരുണ്യ സ്ഥാപനത്തിനുള്ള യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഗാന്ധിഭവന് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യകള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തില്‍ പോലും മനുഷ്യര്‍ അവനവനിലേയ്ക്ക് സ്വയം ചുരുങ്ങുകയാണ്. മനുഷ്യനെ നന്മയിലേയ്ക്ക് നയിക്കാന്‍ ജീവിതാനുഭവങ്ങള്‍ വേണം. പാഠപുസ്തകത്തിലൂടെ ലഭിക്കുന്ന അറിവുകളേക്കാള്‍ ഉപരി ജീവിതത്തില്‍ പ്രായോഗികമാകുന്നത് ജീവിത ഗന്ധിയായ അനുഭവങ്ങള്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
വിശക്കുന്നവന്റെ മുമ്പില്‍ ദൈവം അന്നത്തിന്റെ രൂപത്തിലാണ് പ്രത്യക്ഷപ്പെടുകയെന്നും സ്വന്തം പോരായ്മകള്‍ ചൂണ്ടിക്കാട്ടി നേര്‍വഴിക്ക് നയിക്കുവാന്‍ ആര് തയാറാകുന്നവോ അവരെ ഗുരുവായി ആദരിക്കുവാന്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ അവാര്‍ഡ് വി.മുരളീധരന് എംപിയില്‍ നിന്നും ഗാന്ധിഭവന് പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി.
സംസ്ഥാന വനിതാകമ്മീഷന് മെമ്പര്‍ ഷാഹിദാകമാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്, ബിജെപി. സംസ്ഥാന വൈസ്പ്രസിഡന്റ് ബി. രാധാമണി, ബി. സുദേവന്, ശ്രീന ഉദയന്‍, എംടിബാവ, ടി.പി. മാധവന്, സീന അനില്‍, മുരളി യദുകുലം, ജി. മുരളീധരന് മാസ്റ്റര്‍, ബി. ശിവന്‍കുട്ടി, ശ്യാം, എച്ച്. സലിംരാജ് , പൂങ്കുളഞ്ഞി, കെ.ജി. മുരളീധരന്, വി.എ. സൂരജ്, പി.എസ്. അമല്‍രാജ്, ജി.ഭുവനചന്ദ്രന്, പ്രസന്നരാജന്‍, കെ.ഉദയകുമാര്‍, എച്ച്. സലിംരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.