തിരുവില്വാമല: പാന്പാടി നെഹ്റു കോളജിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ മുൻകൈയെടുത്തില്ലെങ്കിൽ പൊതുസമൂഹത്തിനു ശക്തമായി ഇടപെടേണ്ടിവരുമെന്നു ബിജെപി ദേശീയ നിർവാഹക സമിതിയംഗം വി. മുരളീധരൻ. വിദ്യാർഥി ജീവനൊടുക്കിയതിനെതുടർന്ന് ഒരു മാസമായി അടഞ്ഞുകിടക്കുന്ന പാമ്പാടിനെഹ്റു കോളജിലെത്തിയ മുരളീധരൻ കോളജ് അധികൃതരുമായി ചർച്ച നടത്തി.
കോളജിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ടുള്ള നിവേദനം വിദ്യാർഥികൾ സംയുക്തമായി അദ്ദേഹത്തിനു നൽകി. വിദ്യാഭ്യാസ മന്ത്രിയും കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലറും ഇതൊരു അടിയന്തിര പ്രശ്നമായി കാണണമെന്നും എത്രയും പെട്ടെന്നു പരിഹാര നടപടികൾ കൈക്കൊള്ളണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ജോർജ്, യുവമോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് നന്ദകുമാർ, നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ. മണി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ വി. ചന്ദ്രബോസ്, രാജേഷ് നന്പ്യാത്ത്, പ്രഭാകരൻ മാഞ്ചാടി തുടങ്ങിയവയും വി. മുരളീധരനോടൊപ്പം ഉണ്ടായിരുന്നു.