ചാത്തന്നൂർ: സംസ്ഥാനം കടുത്ത സാമ്പത്തിക തകർച്ച നേരിടുകയാണെന്നും ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് പെൻഷൻകാരെയാണെന്നും കെപിസി സി മുൻ പ്രസിഡന്റ് കെ.മുരളീധരൻ എംഎൽഎ പറഞ്ഞു.ഇടതുപക്ഷം ഒരിക്കലും പെൻഷൻകാരെ സഹായിച്ചിട്ടില്ല. കഴിഞ്ഞ അഞ്ചു മാസമായി കെഎസ്ആർടിസിയിൽ പെൻഷൻ കൊടുക്കുന്നില്ല.
കെഎസ്ആർടി.സിയുടെ പെൻഷൻ സർക്കാർ ഏറ്റെടുക്കില്ലെന്നാണ് മന്ത്രി തോമസ് ഐസക് പറയുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും എൽഡിഎഫും നയം വ്യക്തമാക്കണം. കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ മുപ്പത്തിമൂന്നാമത് ജില്ലാ സമ്മേളനം ചാത്തന്നൂരിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന്റെ ദുരന്തം എല്ലാ മേഖലയിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു വർഷത്തെ ഭരണത്തിൽ ജനങ്ങൾ പീഢനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ദുരന്തമുണ്ടായ സ്ഥലത്തേക്ക് മുഖ്യമന്ത്രി തിരിഞ്ഞു നോക്കാത്തത് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമാണ്.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചതിലൂടെ കേന്ദ്രത്തിൽ കോൺഗ്രസ് തിരിച്ചുവരുമെന്ന വികാരം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഡിസാസ്റ്റർ മാനേജ്മെന്റിൽ സംസ്ഥാനത്ത് വിദഗ്ധരില്ലാത്ത സ്ഥിതിയാണുള്ളതെന്നും കാലാവസ്ഥ പ്രവചിക്കാൻ മന്ത്രിമാർക്ക് എങ്ങനെ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ഓഖി ദുരന്തത്തിൽ കാണാതായവരുടെ യഥാർഥ കണക്ക് പുറത്ത് വിടാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ അധ്യക്ഷത വഹിച്ചു. കെപിസിസി ഭാരവാഹികളായ ശൂരനാട് രാജശേഖരൻ, എ.ഷാനവാസ് ഖാൻ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, സുന്ദരേശൻ പിള്ള, ജി.ജ്യോതിപ്രകാശ്, പ്രഫ.ഇ.മേരീ ദാസൻ, നെടുങ്ങോലം രഘു, എൻ.ഉണ്ണികൃഷ്ണൻ, അയത്തിൽ തങ്കപ്പൻ, കോയിവിള രാമചന്ദ്രൻ, വി പി നചന്ദ്രൻ, ഡിസിസി സെക്രട്ടറിമാരായ എൻ.ഉണ്ണികൃഷ്ണൻ, എസ്.ശ്രീലാൽ, ഡി.അശോകൻ, ബ്ലോക്ക് പഞ്ചായത്തംഗം മൈലക്കാട് സുനിൽ എന്നിവർ പ്രസംഗിച്ചു.