കുണ്ടറ: ദേശസാൽക്കരണത്തിലൂടെ ഇന്ത്യയിലെ ദരിദ്ര ജനകോടികൾക്കുവേണ്ടി ഇന്ദിരാഗാന്ധി തുറന്നിട്ട പൊതുമേഖലാ ബാങ്കുകളുടെ വാതിലുകൾ അടയ്ക്കുന്ന സമീപനമാണ് നരേന്ദ്രമോദിയുടേതെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ. മുരളീധരൻ എംഎൽഎ പറഞ്ഞു. കേരളപുരം മുളമൂട്ടിൽ ജംഗ്ഷനിൽ പെരിനാട് മണ്ഡലത്തിലെ വിവിധ ബൂത്തുകളുടെ ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയ നോട്ട് നിരോധനവും ജിഎസ്ടിയും ബിജെപി ഭരണത്തിന്റെ അന്ത്യം കുറിക്കുമെന്നും മോദിക്കും ബിജെപിക്കും തുടർഭരണം ലഭിച്ചാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്നും മുരളീധരൻ ഓർമിപ്പിച്ചു.
കായൽ കൈയേറ്റം നടത്തിയ തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. മണ്ഡലം പ്രസി.ബി.ജ്യോതിർനിവാസ് അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, കെപിസിസി സെക്രട്ടറി എ. ഷാനവാസ് ഖാൻ, കോയിവിള രാമചന്ദ്രൻ, സൂരജ് രവി, ആന്റണി ജോസ്, രഘു പാണ്ഡവപുരം എന്നിവർ പ്രസംഗിച്ചു.