നവാസ് മേത്തർ
തലശേരി: നരേന്ദ്രമോദി മന്ത്രിസഭയിൽ ഇത്തവണ കേരളത്തിൽനിന്ന് ആദ്യമെത്തുന്നത് തലശേരി വാടിയിൽപീടിക സ്വദേശിയായ വി. മുരളീധരൻ. രാജ്യം ഭരിക്കാൻ ലഭിച്ച രണ്ടാമൂഴത്തിൽ മോദിക്കൊപ്പം ഭരണചക്രം തിരിക്കാൻ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും ദേശീയ നിർവാഹകസമിതി അംഗവുമായ വി. മുരളീധരൻ തെരഞ്ഞെടുക്കപ്പെട്ടതോടെ അത് വടക്കേ മലബാറിനുള്ള അംഗീകാരമായി മാറുകയായിരുന്നു.
മുരളീധരന്റെ മന്ത്രിസ്ഥാനലബ്ധിയിൽ ആഹ്ലാദത്തിമർപ്പിലാണ് വടക്കേ മലബാറും ജന്മനാടായ തലശേരിയും. ഒ. രാജഗോപാലിനും അൽഫോൻസ് കണ്ണന്താനത്തിനും ശേഷം ബിജെപി നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ മുരളീധരൻ എത്തിയത് തലശേരിക്കാർ ആഹ്ലാദാരവത്തോടെയാണ് ശ്രവിച്ചത്. മുരളീധരന്റെ മന്ത്രിസ്ഥാനം ഏറെ ആഹ്ലാദം നൽകുന്നുവെന്നും പാർട്ടി ഏൽപ്പിച്ച ചുമതല അദ്ദേഹം നന്നായി ചെയ്യുമെന്നും
വി. മുരളീധരന്റെ സഹോദരനും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനുമായ കൊളശേരി കോമത്ത് പാറാലിലെ പ്രദീപ് കുമാർ ദീപികയോട് പറഞ്ഞു. ട്രഷറി ഉദ്യാഗസ്ഥനായിരുന്ന പിതാവ് ഗോപാലൻ മരിക്കുമ്പോൾ മൂത്തമകനായ മുരളീധരൻ ഹൈസ്കൂൾ വിദ്യാർഥിയായിരുന്നു. മുരളിക്കുതാഴെ സഹോദരി മോദിനിയും റിട്ട. അധ്യാപകനായ സഹോദരൻ ദിനേശനും പിന്നെ പ്രദീപുമാണുണ്ടായിരുന്നത്. അമ്മ ദേവകി പെരുന്താറ്റിൽ വലിയപറമ്പ് എൽപി സ്കൂൾ മുഖ്യാധ്യാപികയായിരുന്നു.
തലശേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ, ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിൽ പഠിച്ച മുരളീധരൻ ചെറുപ്പത്തിലേതന്നെ മിതഭാഷിയും പരന്ന വായനയും ലളിതജീവിതത്തിന് ഉടമയുമാണെന്ന് സുഹൃത്തുക്കൾ ഓർക്കുന്നു. പഠനകാലത്ത് മികച്ച കായികതാരം കൂടിയായിരുന്നു. വിദ്യാർഥിയായിരിക്കെ മൂവായിരം മീറ്റർ നടത്തമത്സരത്തിലെ വിജയിയായിരുന്നു. ആനുകാലികങ്ങളിൽ തുടർച്ചയായി ലേഖനങ്ങൾ എഴുതിയിരുന്ന മുരളീധരൻ വാജ്പേയി സർക്കാരിന്റെ കാലത്ത് നെഹ്റു യുവക് കേന്ദ്രയുടെ ദേശീയ വൈസ് ചെയർമാനായി സേവനമനുഷ്ടിച്ചിരുന്നു.
തലശേരിയിൽ സംഘ്പരിവാർ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കവെ രാഷ്ട്രീയ അക്രമകേസിൽ പ്രതിചേർക്കപ്പെടുകയും ജയിൽവാസമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. മുരളീധരനെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരെ ഡൽഹിയിൽ വച്ച് എബിവി പി പ്രവർത്തകർ ഘെരാവോ ചെയ്തത് ദേശീയതലത്തിൽ വാർത്തയായിരുന്നു. വ്യവസായവകുപ്പിൽ ജീവനക്കാരനായിരുന്ന മുരളീധരനെ ജയിൽവാസത്തിനെ തുടർന്ന് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
പിന്നീട് കേസിൽ മുരളീധരനെ കോടതി വെറുതേ വിട്ടതിനെ തുടർന്ന് സർവീസിൽ തിരിച്ചെത്തിയെങ്കിലും മുഴുവൻസമയ രാഷ്ട്രീയപ്രവർത്തനത്തിനായി ജോലി രാജിവയ്ക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു രാഷ്ട്രീയപ്രവർത്തനം. പിന്നീട് ദേശീയ നേതൃനിരയിലേക്ക് പാർട്ടി നിയോഗിച്ചതോടെ പ്രവർത്തനമികവിലൂടെ മുരളീധരൻ ദേശീയ നേതൃനിരയിലെ യുവതുർക്കിയായി മാറുകയായിരുന്നു.
ഹിന്ദിയും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യാനറിയുന്ന മുരളീധരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള കേന്ദ്ര നേതാക്കൾ കേരളത്തിലെത്തുന്പോൾ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തിയിരുന്നു. ഇന്നലെ ഉച്ചയോടെ മുരളീധരൻ മന്ത്രിയാകുമെന്ന വിവരം അറിഞ്ഞിരുന്നുവെന്നും ഈ മന്ത്രിസ്ഥാനം കണ്ണൂർ ജില്ലയ്ക്കുള്ള വരദാനമാണെന്നും കമ്യൂണിസ്റ്റ് ഗ്രാമത്തിൽനിന്ന് ഏറെ ത്യാഗം സഹിച്ച് വളർന്ന വന്ന മുരളീധരന് ലഭിച്ച അംഗീകാരമാണിതെന്നും സഹോദരി മോദിനി പറഞ്ഞു.
എരഞ്ഞോളി വാടിയിൽപീടികയിലെ മുരളീധരന്റെ ജന്മവീടായ മുരളി നിവാസിൽ ഇപ്പോൾ മോദിനിയും ഭർത്താവ് ബേബിയും മകൾ ശ്രീലക്ഷ്മിയുമാണ് താമസിക്കുന്നത്. ശബരിമല വിവാദം കത്തിനിൽക്കെ മുരളി നിവാസിനുനേരേയും ബോംബാക്രമണം നടന്നിരുന്നു. മോദിനിയും കുടുംബവും വാടിയിൽ പീടികയിലെ തറവാട്ട് വീട്ടിലും സഹോദരൻ പ്രദീപൻ കോമത്ത് പാറാലിലെ വീട്ടിലിരുന്നുമാണ് സത്യപ്രതിജ്ഞാചടങ്ങ് ടിവിയിൽ കണ്ടത്.