തലശേരി: ദേശീയ പാര്‍ട്ടിയെന്നു പറയുന്ന സിപിഎമ്മിന് അഖിലേന്ത്യാതലത്തില്‍ മത്സരിക്കുമ്പോള്‍ നയമില്ലെന്ന് വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. കോയമ്പത്തൂരില്‍ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ വച്ച് വോട്ട് ചോദിക്കുന്ന സിപിഎം വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരേ മത്സരിക്കാന്‍ അപരനെ തേടുകയായിരുന്നു.
സിപിഎമ്മിന് കോയന്പത്തൂരിലും കേരളത്തിലും രണ്ട് നയമാണെന്നും മുരളീധരൻ പറഞ്ഞു. തലശേരി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എംപിയായി എന്നെ തെരഞ്ഞെടുത്താല്‍ ആരാണ് പ്രധാനമന്ത്രിയാകേണ്ടതെന്ന് രാഷ്ട്രപതി ചോദിച്ചാല്‍ രാഹുല്‍ ഗാന്ധിയെന്ന് ഞാന്‍ പറയും. എന്നാല്‍ ഇടതുപക്ഷം ആരുടെ പക്ഷത്ത് നില്‍ക്കുമെന്ന് വ്യക്തമാക്കണം.
കോണ്‍ഗ്രസും ബിജെപിയും ഇരുവരുടെയും ഘടകകക്ഷികളും രാജ്യത്തെ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമ്പോള്‍ സിപിഎം മത്സരിക്കുന്നത് വെറും 40 സീറ്റുകളിലാണ്. ഇവരാണ് ബിജെപിയെ നേരിടാന്‍ ഇടതുപക്ഷത്തിനുമാത്രമേ സാധിക്കുകയുള്ളൂവെന്ന് ചുമരെഴുത്ത് നടത്തുന്നതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കൂടുതല്‍ എംപിമാര്‍ ഉണ്ടാകണം. അങ്ങനെ മാത്രമെ ഈ രാജ്യത്തെ വര്‍ഗീയശക്തികളെ തുടച്ചുനീക്കാന്‍ സാധിക്കുകയുള്ളൂ. എല്ലാ രംഗത്തും പരാജയപ്പെട്ട സർക്കാരാണ് മോദി സർക്കാർ.
മോദി സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് മാറ്റി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ മതേതര സര്‍ക്കാര്‍ വരണം. അതാണ് കേന്ദ്രത്തില്‍ യുപിഎയുടെ ലക്ഷ്യം. ഒരു പുരുഷായുസ് മുഴുവന്‍ സിപിഎമ്മിനുവേണ്ടി പ്രവര്‍ത്തിച്ച ടി.പി. ചന്ദ്രശേഖരനെ ഒടുവില്‍ 51 വെട്ടുവെട്ടിയാണ് കൊലപ്പെടുത്തിയത്. ഷുഹൈബ് ഒരു കൊലക്കേസിലും പ്രതിയല്ലാതിരുന്നിട്ടുപോലും അദ്ദേഹത്തെ സിപിഎം വെട്ടിക്കൊന്നുവെന്നും മുരളീധരൻ പറഞ്ഞു.
നിയോജക മണ്ഡലംതല പ്രചാരണപരിപാടികൾ ന്യൂനപക്ഷ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. കൊച്ചുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് ചെയര്മാന് എ.കെ. ബഷീര്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയര്മാന് പ്രഫ.എ.ഡി മുസ്തഫ, കെപിസിസി ജനറല്‍ സെക്രട്ടറി വി.എ.നാരായണന്, ആസഫലി, കേരള കോണ്‍ഗ്രസ് നേതാവ് കെ.എ. ഫിലിപ്പ്, പി.വി. സൈനുദ്ദീന്‍, സജീവ് മാറോളി, എന്‍. മഹമൂദ്, വി.രാധാകൃഷ്ണന്, വി.എന്‍. ജയരാജ്, എം.പി. അരവിന്ദാക്ഷന്, സി.ടി. സജിത്ത്, വി.സി പ്രസാദ്, മണ്ണാട് ബാലകൃഷ്ണന്, ഷുഹൈബ്, എ.കെ. ബഷീര്‍, എന്‍.കെ. പ്രേമന് എന്നിവർ പ്രസംഗിച്ചു.