കോഴിക്കോട്: തന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസിൽ പുതിയ ഗ്രൂപ്പുണ്ടാക്കുന്നെന്ന വാർത്തകൾക്കു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും കോണ്‍ഗ്രസിലുള്ളവർ തന്നെയാണ് ഇത്തരം വാർത്തകൾക്കു പിന്നിലെന്നും കെ. മുരളീധരൻ എംഎൽഎ.
കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുമുന്പ് ബൂത്ത് കമ്മിറ്റികൾ പുനസംഘടിപ്പിക്കുകയാണ് വേണ്ടത്. കെപിസിസി അധ്യക്ഷനാകാൻ താത്പര്യമില്ല. ആരെ തെരഞ്ഞെടുത്താലും സ്വാഗതം ചെയ്യും. പ്രായം പറഞ്ഞു പ്രസിഡന്റ് സ്ഥാനത്തുനിന്ന് ആരെയും മാറ്റിനിർത്തരുത്. തെന്നല ബാലകൃഷ്ണപിള്ള പ്രസിഡന്റ് ആയിരുന്നപ്പോഴാണ് യുഡിഎഫിന് 100 സീറ്റ് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഇന്റലിജൻസും ആഭ്യന്തര വകുപ്പും പൂർണ പരാജയമായി. അപ്രഖ്യാപിത ഹർത്താലിനെ പ്രതിരോധിക്കാൻ കഴിയാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ്. ഹർത്താൽ നിയന്ത്രണ ബില്ല് ഉടൻ പാസാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.