തിരുവില്വാമല: കാലപ്പഴക്കം കൊണ്ട് എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാന്‍ സാധ്യതയുള്ള വീടിനു താഴെ പേടിയോടെ കഴിയുന്ന ഹൃദ്രോഗിയായ മുരളീധരനും കുടുംബവും അധികാരികളുടെ ക്നിവു തേടുന്നു.
ചിതലെടുത്ത് തകര്‍ന്ന വീടാണ് മുരളീധരന്റേത്. തിരുവില്വാമല പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ പൂതനക്കര പള്ളംപടി മുരളീധരനും (49) ഭാര്യ ലതയും പതിനാറും പതിനാലും വയസ് പ്രായമുള്ള രണ്ട് പെണ്മക്കളുമാണ് ഇവിടെ കഴിയുന്നത്.
ഭൂമിയുള്ള ഭവനരഹിതര്‍ക്കുള്ള സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷപദ്ധതിയായ ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടാനായി 2006 മുതല്‍ പഞ്ചായത്തിലും ഗ്രാമസഭകളിലും തുടര്‍ച്ചയായി അപേക്ഷ നല്‍കിയെങ്കിലും ലിസ്റ്റില്‍ പേരുണ്ട് എന്ന് പറയുന്നതല്ലാതെ ഇതുവരെ ടാപ്പിംഗ് ജോലിക്കാനായ മുരളീധരനെയും കുടുംബത്തേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ടാപ്പിംഗ് ജോലിയാണ് മുരളീധരന്.
അടച്ചുറപ്പില്ലാത്ത വീട്ടില്‍ വിണ്ടു കീറിയ ചുമരുകളാണുള്ളത്. പൊളിഞ്ഞ വാതിലില്‍ മരക്കഷ്ണങ്ങള്‍ ചാരി വെച്ചാണ് വാതിലടയ്ക്കുക.
ഹൃദ്രോഗചികിത്സ തുടരുന്ന മുരളീധരന് മൂന്നു ബ്ലോക്കുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഓപ്പറേഷന് വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും ചുരുങ്ങിയ വരുമാനം കൊണ്ട് ചികിത്സയും കുട്ടികളുടെ പഠിപ്പും വീട്ടുചിലവും എല്ലാം ഒത്തുകൊണ്ടുപോകാനാകാത്തതിനാല് ഓപ്പറേഷന് നടത്താനായിട്ടില്ല. ലൈഫ് മിഷന്റെഅടുത്ത ലിസ്റ്റില്‍ തങ്ങള്‍ ഉള്‍പ്പെടുമെന്ന പ്രത്യാശയിലാണ് ഇവര്‍.