കോഴിക്കോട്: പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് മൂന്നാംസ്ഥാനത്താകുമെന്ന് പാര്‍ട്ടിക്ക് നേരത്തെ സൂചന ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. ശബരിമലവിഷയം കെ.സുരേന്ദ്രനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സ്റ്റാറാക്കിയെങ്കിലും ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള പത്തനം തിട്ടയില്‍ വിജയത്തിന് അത് മതിയാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. ഇതുമൂലമാണ് പത്തനം തിട്ടയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതെന്നാണ് ഇപ്പോള്‍ പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.
ഒരു പരിധി വരെ ഭൂരിപക്ഷവോട്ടുകളുടെ എകീകരണം ഉണ്ടായപ്പോള്‍ ന്യൂനപക്ഷ വോട്ടുകള്‍ ഒന്നടക്കം യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്ക് ലഭിച്ചു. ഇതില്‍തന്നെ മറ്റൊരുവിഭാഗം വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിനും ലഭിച്ചു. ന്യൂന പക്ഷ വിഭാഗവുമായി അല്‍പ്പമെങ്കിലും അടുപ്പമുള്ളയാള്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാകണമെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ ആഗ്രഹം.
ഇതിനായി ചരടുവലികള്‍ നടക്കുന്നതിനിടെയാണ് കെ.സുരേന്ദ്രനെ വെട്ടാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ ശ്രമിക്കുന്നു എന്നരീതിയിലുള്ള വാര്‍ത്തകള്‍ വന്നത്. വിവാദങ്ങള്‍ വന്നതോടെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം തന്നെ മെല്ലെപ്പോക്കിലായി. ഈ സാഹചര്യത്തില്‍ അടിയൊഴുക്കുകള്‍ തിരിച്ചറിഞ്ഞുകൊണ്ടുതന്നെ കെ.സുരേന്ദ്രനെ തന്നെ രംഗത്തിറക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.
പാര്‍ട്ടിക്കുള്ളില്‍ ന്യൂനപക്ഷവുമായി അടുപ്പമുള്ള എക നേതാവ് ശ്രീധരന്‍പിള്ളയാണ്. മാത്രമല്ല എന്‍എസ്എസിന്റെ പൂര്‍ണ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. ഈ ഒരു സാഹചര്യത്തില്‍ പാര്‍ട്ടി തന്നെ ഇവിടെ സ്ഥാനാര്‍ഥിയാക്കുമെന്നായിരുന്നു അദ്ദേഹം പ്രതീക്ഷിച്ചത്. മല്‍സരിക്കാനുള്ള സന്നദ്ധത അദ്ദേഹം പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
എന്നാല്‍ ശബരിമല വിഷയം എങ്ങനെയും മുതലാക്കുക, അതുവഴി വിജയം നേടുക എന്നധാരണയില്‍ പ്രവര്‍ത്തകരുടെ കൂടി വികാരം മാനിച്ച് അവസാനനിമിഷം സുരേന്ദ്രന് നറുക്കുവീഴുകയായിരുന്നു. പ്രചാരണത്തില്‍ ഓളം സൃഷ്ടിച്ച് മുന്നേറിയെങ്കിലും ന്യൂനപക്ഷവോട്ടുകള്‍ ഭൂരിപക്ഷവോട്ടുകള്ക്കും മുകളില്‍ പറന്നതോടെ സുരേന്ദ്രന് മൂന്നാം സ്ഥാനത്തായി. പ്രതീക്ഷിച്ച ഭൂരിപക്ഷവോട്ടുകളിൽ കുറെയെങ്കിലും സുരേന്ദ്രനോടുള്ള വ്യക്തിവിരോധം മൂലം നഷ്ടപ്പെടുകയും ചെയ്തു.
മൂന്നാം സ്ഥാനത്തായതോടെ ക്രോസ് േവാട്ടിംഗ് എന്ന ആരോപണം പോലും ഉന്നയിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സുരേന്ദ്രന് . മഞ്ചേശ്വരത്തെ കേസ് പിന്‍വലിച്ചാണ് അദ്ദേഹം പത്തനം തിട്ടയില്‍ സ്ഥാനാര്‍ഥിയായത്. ബിജെപിയുടെ മറ്റൊരു പ്രതീക്ഷയായ തിരുവനന്തപുരത്ത് രണ്ടാമതെത്തി തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ച കുമ്മനം രാജശേഖരന് മാത്രമാണ് പാര്‍ട്ടിയുടെ മുഖം രക്ഷിച്ചത്.
ഇവിടെ ഇടതുമുന്നണിയുടെ വോട്ടുകള്‍ വ്യാപകമായി യുഡിഎഫിലേക്ക് ഒഴുകിയെന്ന ആക്ഷേപം ശക്തമാണ്. ക്രോസ് വോട്ടിംഗ് ഇവിടെ നടന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പുതന്നെ കുമ്മനം ആരോപിച്ചിരുന്നു.