ചാലക്കുടി: സിപിഎം നിരീശ്വരവാദം പ്രചരിപ്പിക്കുന്പോൾ ബിജെപി കപടനാടകം കളിക്കുകയാണെന്ന് കെ.മുരളീധരൻ എംഎൽഎ. കെപിസിസി പ്രസിഡന്റ് മുല്ലപ്പിള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ തൃശൂർ ജില്ലാ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുരളീധരൻ.
ഭക്തജനങ്ങളുടെ വികാരങ്ങളെ സർക്കാർ ചവിട്ടിമെതിച്ചുവെന്നും എല്ലാ മതങ്ങളുടെയും വിശ്വാസം സംരക്ഷിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നയമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ശബരിമലയിൽ എന്തെല്ലാം വൃത്തികേടുകളാണ് സർക്കാർ നടത്തിയതെന്ന് ചൂണ്ടിക്കാണിച്ച മുരളീധരൻ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും മണിയാശാൻമാരായി മാറിയെന്നു പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിൽ കിണ്ടിയുടെയും കോളാന്പിയുടെയും സ്ഥാനമാണ് സിപിഎമ്മിനുള്ളതെന്നും പറഞ്ഞു.
ഫണ്ട് പിരിവിന്റെ പേരിൽ കോണ്‍ഗ്രസിനെ കളിയാക്കും. കോടിയേരി അഭിമന്യുവിന്റെ പേരിൽ മൂന്നരകോടി രൂപ പിരിച്ചിട്ട് 15 ലക്ഷം രൂപ വീടിന് ചെലവാക്കി 20 ലക്ഷം രൂപ ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടു. ബാക്കി പണം എന്തു ചെയ്തുവെന്നും മുരളീധരൻ ചോദിച്ചു. മോദിയുടെ ഭരണം സാധാരണക്കാരുടെ നടുവൊടിച്ചുവെന്നും തലതിരിഞ്ഞ പരിഷ്കാരങ്ങൾക്കു പുറമെ ജാതിയുടെയും മതത്തിന്റെയും പേരിൽ കൊലകൾ നടത്തിയെന്നും മനുഷ്യർക്ക് രക്ഷയില്ല പശുക്കൾക്ക് മാത്രമേ രക്ഷയുള്ളൂവെന്നും ജനങ്ങളെ ദുരിതത്തിലാക്കിയ ഭരണമായിരുന്നുവെന്നും മുരളീധരൻ പഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എബി ജോർജ് അധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് കൊടികുന്നിൽ സുരേഷ്, പി.സി.ചാക്കോ, ലതിക സുഭാഷ്, ജോണ്‍ എബ്രഹാം, ബെന്നി ബെഹന്നാൻ, റോജി ജോണ്‍ എംഎൽഎ, ടി.എൻ.പ്രതാപൻ, ശൂരനാട് രാജശേഖരൻ, പത്മജ വേണുഗോപാൽ, രാജ്മോഹൻ ഉണ്ണിത്താൻ, എം.പി.ജാക്സൻ, മാത്യു കുഴൽനാടൻ, ജോസഫ് ചാലിശേരി, കെ.പി.ധനപാലൻ, വി.ഒ.പൈലപ്പൻ, അഡ്വ. സി.ജി.ബാലചന്ദ്രൻ, ജെയിംസ് പോൾ, മേരി നളൻ, ടി.എ.ആന്റോ, ടി.യു.രാധാകൃഷ്ണൻ, പി.കെ.ഭാസി, ഒ.എസ്.ചന്ദ്രൻ, പി.വി.വേണു, പി.കെ.ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
കാശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാർക്ക് പ്രണാമമർപ്പിച്ചുകൊണ്ട് 44 മെഴുകുതിരികൾ കത്തിച്ചുകൊണ്ട് പ്രതിജ്ഞയെടുത്തു. സമ്മേളനത്തിനു മുന്‍പ് ടൗണിൽ നടന്ന പ്രകടനത്തിൽ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവർത്തകർ പങ്കെടുത്തു.