പാലക്കാട്: കേന്ദ്രം ഭരിക്കുന്ന എൻഡി എ സർക്കാരും സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സർക്കാരും ജനങ്ങൾക്ക് ശാപമായി മാറിയിരിക്കുകയാണെന്ന് മുൻ കെപിസി സി പ്രസിഡന്റ് കെ മുരളീധരൻ എംഎൽഎ പറഞ്ഞു. ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ടൗണ്ഹാളിൽ സംഘടിപ്പിച്ച കോണ്ഗ്രസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ മുഴുവൻ ക്രെഡിറ്റും കോണ്ഗ്രസ് പ്രസ്ഥാനത്തിന് മാത്രമാണുള്ളത്. രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ തന്നെ ഭയപ്പെടുത്തുന്നതാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം എന്തെല്ലാം വൃത്തികേടുകളാണ് പ്രധാനമന്ത്രി പറഞ്ഞത്. നാലാംകിട രാഷ്ട്രീയക്കാരൻ പോലും പറയാത്ത കാര്യങ്ങളാണ് മോദി പറഞ്ഞു നടന്നത്. രാജ്യം സാന്പത്തികമായി തകർന്നിരിക്കുകയാണ്.
നോട്ട് പിൻവലിച്ചത് വ്യവസ്ഥാപിത മാർഗത്തിലൂടെയായിരുന്നില്ല. പണക്കാർക്ക് ഒരു നിയമവും പാവങ്ങൾക്ക് മറ്റൊരു നിയമവുമാണിപ്പോൾ ഉള്ളതെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.ജിഎസ്ടി നടപ്പാക്കിയപ്പോൾ ഏറ്റവും കൂടുതൽ ആവേശം കാണിച്ചത് ധനമന്ത്രി തോമസ് ഐസക്കായിരുന്നു.
എന്നാൽ ഇപ്പോൾ സ്ഥിതി മാറി. ധനമന്ത്രി ഇതിനെതിരെ രംഗത്തുവന്നു. ആദ്യം പറഞ്ഞാൽ കമ്മ്യൂണിസ്റ്റുകാർക്ക് മനസ്സിലാവില്ല. പിന്നെ മാത്രമെ വസ്തുതകൾ മനസ്സിലാവുകയുള്ളൂ. ഇപ്പോൾ നമ്മൾ എന്തു കഴിക്കണം എന്നു തീരുമാനിക്കുന്നതു പോലും കേന്ദ്ര സർക്കാരാണ്.
താനെന്തു കഴിക്കണമെന്നു തീരുമാനിക്കേണ്ടത് പൗരന്റെ അവകാശമാണ്. ക്രിസ്മസ് ആഘോഷിക്കാൻ പോലും ഇക്കൂട്ടർ അനുവദിക്കുന്നില്ല. മുയലിനോടൊപ്പം ഓടുകയും വേട്ടക്കാരനോടൊപ്പം കൂടുകയും ചെയ്യുന്ന നിലപാടാണ് നരേന്ദ്രമോദിയുടെതെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ അധ്യക്ഷനായിരുന്നു. കാലടി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. കെ.എസ്.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ മുൻ എംപി വി .എസ് വിജയരാഘവൻ, സി.വി.ബാലചന്ദ്രൻ, സി.പി.മുഹമ്മദ്, ഷാഫി പറന്പിൽ എംഎൽഎ, എ.രാമസ്വാമി, സി.ചന്ദ്രൻ, കെ.അച്യുതൻ, കെ.എ.ചന്ദ്രൻ, വി.സി.കബീർ മാസ്റ്റർ, വിജയൻ പൂക്കാടൻ തുടങ്ങിയവർ സംബന്ധിച്ചു.