മുംബൈ: രാജ്യസഭാ സീറ്റിലേക്കു മത്സരിക്കാൻ ബിജെപി നേതാവ് വി.മുരളീധരൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പിഴവ്. ഇതുവരെ ആദായനികുതി അടച്ചിട്ടില്ലെന്ന സത്യവാങ്മൂലത്തിലെ വെളിപ്പെടുത്തലാണ് മുരളീധരനെ വെട്ടിലാക്കിയിരിക്കുന്നത്.
2016ൽ കഴക്കൂട്ടത്തുനിന്നു നിയമസഭയിലേക്കു മൽസരിക്കുന്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആദായനികുതി അടച്ചതായാണ് മുരളീധരൻ രേഖപ്പെടുത്തിയത്. 2004-2005 സാന്പത്തിക വർഷത്തിൽ 3,97,558 രൂപ ആദായ നികുതി അടച്ചതായായിരുന്നു സത്യവാങ്മൂലത്തിലെ വെളിപ്പെടുത്തൽ. ഇതിനു വിപരീതമായാണ് ഇപ്പോൾ സത്യവാങ്മൂലം നൽകിയിട്ടുള്ളത്.
തെരഞ്ഞെടുപ്പ് കമ്മിഷൻ ചട്ടപ്രകാരം അറിയാവുന്ന കാര്യങ്ങൾ മറച്ചുവയ്ക്കുന്നതു കുറ്റകരമാണ്. ഒന്നരവർഷം മുന്പ് നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങൾ മറച്ചുവച്ചു നൽകിയ സത്യവാങ്മൂലം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് വേണമെങ്കിൽ പത്രിക തള്ളാൻ കഴിയുമെന്നാണു റിപ്പോർട്ടുകൾ.
ബിജെപി ദേശീയ നിർവാഹക സമിതിയംഗമായ വി. മുരളീധരൻ മഹാരാഷ്ട്രയിൽനിന്നാണു രാജ്യസഭയിലേക്കു മത്സരിക്കുന്നത്. ബിഡിജഐസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെ രാജ്യസഭാംഗമാക്കണമെന്ന ആവശ്യം തള്ളിയാണു മുരളീധരനു സീറ്റ് നല്കിയത്.