സ്വന്തം ലേഖകന്‍
കോഴിക്കോട്: രാജ്യസഭാ സീറ്റിലേക്കു മത്സരിക്കാന്‍ ബിജെപി ദേശീയനിര്‍വാഹക സമിതി അംഗം വി.മുരളീധരന് സമര്പ്പിച്ചസത്യവാങ്മൂലത്തില് പിഴവുള്ളതായ വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ബിജെപി.പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ചുകഴിഞ്ഞു. അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്യും. പിന്നെ എന്തിനാണ് ഇത്തരം പ്രചാരണങ്ങളെന്ന് ബിജെപി സംസ്ഥാന വക്താവ് പി.രഘുനാഥ് ചോദിച്ചു.
മുരളീധരന് ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരണം നല്കാന് തീരുമാനിച്ചിട്ടുണ്ട്. 16, 17 തീയതികളില്‍ അദ്ദേഹം മലബാറില്‍ എത്തുമെന്നും രഘുനാഥ് രാഷ്്ട്രദീപികയോട് പറഞ്ഞു. ഇവിടെയും സ്വീകരണ പരിപാടികള്‍ ഒരുക്കാനാണ് തീരുമാനം. സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കള്‍ നല്കുന്ന തെറ്റായ വാര്‍ത്തകള്‍ കണ്ണടച്ച് വിഴുങ്ങുകയാണ് ഒരുകൂട്ടം മാധ്യമങ്ങള്‍ .
2017ല്‍ മുരളീധരന് നികുതി അടച്ചില്ലെന്നു പറയുന്നത് സത്യമാണ്. കാരണം, 2017ല്‍ വരുമാനം ഉണ്ടായിരുന്നില്ല. 2004ല്‍ നികുതി അടച്ചിരുന്നു. അന്ന് നെഹ്റു യുവകേന്ദ്രയുടെ ഡയറക്ടര്‍ ജനറല്‍ എന്ന നിലയില്‍ വരുമാനം ഉണ്ടായിരുന്നതു കൊണ്ടാണ് നികുതി റിട്ടേണ്‍ നല്‍കിയത്.എന്നാല്‍ ഇതൊന്നും പത്രിക തള്ളുന്നതിനുള്ള കാരണങ്ങളല്ല. ഇത്തരം വാര്‍ത്തകള്‍കൊണ്ട് ബിജെപിയെ തകര്‍ക്കാന്‍ കഴിയില്ലെന്നും രഘുനാഥ് പറഞ്ഞു.
2016ല്‍ കഴക്കൂട്ടത്തു നിന്ന് നിയമസഭയിലേക്കു മത്സരിക്കുമ്പോള്‍ മുരളീധരന് നല്കിയ സത്യവാങ്മൂലത്തില്‍ ആദായ നികുതി അടച്ചതായി രേഖപ്പെടുത്തിയിരുന്നു. 2004-2005 സാമ്പത്തിക വര്‍ഷത്തില്‍ 3,97,558 രൂപ ആദായ നികുതി അടച്ചതായാണു സത്യവാങ്മൂലത്തില്‍ ഉള്ളത്.
എന്നാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനായി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയ്ക്കൊപ്പം ഹാജരാക്കിയ സത്യവാങ്മൂലത്തില്‍ ആദായ നികുതി അടച്ചിട്ടില്ലെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.ഇതാണ് വിവാദമായത്. എന്നാല്‍ പത്രിക സ്വീകരിച്ചുകഴിഞ്ഞതോടെ ഇക്കാര്യത്തില്‍ ഇനി പേടിക്കാനില്ലെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
അതേസമയം മുരളീധരന് രാജ്യസഭാ എംപിയാകുമെന്ന് ഉറപ്പായതോടെ പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെയാണ് സത്യവാങ്മൂലം വിവാദമാക്കിയതിനു പിന്നിലെന്ന ആക്ഷേപവും ശക്തമാണ്. മുരളീധരന് എംപിയായിട്ടും പ്രധാന നേതാക്കളാരും അദ്ദേഹത്തെ അഭിനന്ദിച്ചോ പ്രശംസിച്ചോ സോഷ്യല്‍ മീഡിയകളിലോ , മാധ്യമങ്ങളോടൊ പ്രതികരിക്കാത്തതും പാര്‍ട്ടിക്കുള്ളില്‍ ചര്ച്ചയായികഴിഞ്ഞു.
ഇത് പാര്‍ട്ടിയിലെ പടലപിണക്കമായി എതിരാളികള്‍ വ്യാഖ്യാനിച്ചതോടെയാണ് സ്വീകരണപരിപാടികളുമായി പാര്‍ട്ടി നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുമാണ് മുരളീധരന് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.