തിരുവനന്തപുരം: കോവളം എംഎൽഎ എം. വിൻസെന്റിന്റെ അറസ്റ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ടെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ എംഎൽഎ. അറസ്റ്റിനു മുമ്പും പിമ്പും അന്വേഷണ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നത് പരിശോധനയ്ക്കു വിധേയമാക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ നെയ്യാറ്റിൻകര സബ്ജയിലിൽ വിൻസെന്റ് എംഎൽഎയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മുരളീധരൻ . എംഎൽഎയെ ശാസ്ത്രീയമായി ചോദ്യം ചെയ്തു എന്നു പറയുന്ന പോലീസ് എന്തു ചോദ്യം ചെയ്യലാണു നടത്തിയതെന്നു മനസിലാകുന്നുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥയായ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അജിതാ ബീഗം വിൻസെന്റിനെ ചോദ്യം ചെയ്തിട്ടില്ല. മുൻമന്ത്രി ജോസ് തെറ്റയിലിനെതിരേയും വടക്കാഞ്ചേരിയിലെ സിപിഎം കൗണ്‍സിലർക്കെതിരെയും പീഡനക്കേസുകളിൽ വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും കേസെടുത്തില്ല.
ജോസ് തെറ്റയിൽ മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും എംഎൽഎ സ്ഥാനം രാജിവച്ചില്ല. സംസ്ഥാനത്ത് ഇരട്ടനീതിയാണു സർക്കാർ നടപ്പിലാക്കുന്നത്. വിൻസെന്റിനെതിരേ എടുത്തിട്ടുളളതു ചില ഗൂഢലക്ഷ്യങ്ങളോടെയുള്ള കേസായതുകൊണ്ടുതന്നെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കെ. മുരളീധരൻ പറഞ്ഞു